31
Jan 2026
Mon
31 Jan 2026 Mon

ദുബൈ:നാലു പതിറ്റാണ്ടിലേറെ നീണ്ട യു.എ.ഇ. പ്രവാസജീവിതത്തിന് വിരാമമിട്ട്, സേവനവും സൗഹൃദവും മനുഷ്യസ്നേഹവും അടയാളപ്പെടുത്തിയ ഓർമ്മകളുമായി ചെമ്മുക്കൻ യാഹുമോൻ എന്ന കുഞ്ഞുമോൻ നാട്ടിലേക്ക് മടങ്ങുന്നു. ദുബൈ രാജകുടുംബത്തിന്റെ സേവകനായി 43 വർഷം പ്രവർത്തിച്ച അദ്ദേഹം പ്രവാസലോകത്ത് നേടിയ അനുഭവങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം മനുഷ്യർക്കു കൈത്താങ്ങായതിന്റെ ആത്മസംതൃപ്തിയും നെഞ്ചിലേറ്റിയാണ് മടങ്ങുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1983-ൽ അനിയൻ ബഷീർ ഹാജി അയച്ച വിസയിൽ മുംബൈയിൽ നിന്ന് വിമാനം കയറി ഷാർജയിൽ ഇറങ്ങിയതോടെയാണ് യാഹുമോൻ ഹാജിയുടെ പ്രവാസജീവിതം ആരംഭിക്കുന്നത്. തുടർന്ന് മുൻ ദുബൈ ഉപഭരണാധികാരിയും സാമ്പത്തിക കാര്യമന്ത്രിയുമായിരുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മഖ്ദൂമിന്റെ സേവനത്തിലേക്ക് കടന്ന അദ്ദേഹം, നീണ്ട പ്രവാസകാലം അർപ്പണബോധത്തോടെയും വിശ്വാസ്യതയോടെയും നിർവഹിച്ചു.

ചെറുപ്പം മുതൽ തന്നെ നാട്ടിലെ സാംസ്‌കാരിക–രാഷ്ട്രീയ–ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്ന യാഹുമോൻ, ദുബൈയിലെത്തിയ രണ്ടാം ദിവസം തന്നെ യു.എ.ഇ.യിലെ കെഎംസിസിയുടെ മുൻകാല മുഖമായ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. വ്യവസായി സി.പി. ബാവ ഹാജിയുടെ നേതൃത്വത്തിലാണ് സംഘടനാപ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായത്. തുടർന്ന് വർഷങ്ങളായി ദുബൈ കെഎംസിസിയുടെ വിവിധ കമ്മിറ്റികളിൽ സാധാരണ പ്രവർത്തകനായും ഭാരവാഹിയായും സേവനം അനുഷ്ഠിച്ചു. നിലവിൽ ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായ അദ്ദേഹം, രണ്ടുതവണ ദുബൈ മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രവാസലോകത്ത് കഷ്ടത അനുഭവിക്കുന്ന അനേകം മനുഷ്യർക്കു സഹായം എത്തിക്കുന്ന നിരവധി കമ്മിറ്റികൾക്ക് നേതൃത്വം നൽകാൻ യാഹുമോൻ ഹാജിക്കായി. പ്രവാസകാലം മുഴുവൻ നാട്ടിലും മറുനാട്ടിലുമായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ പലർക്കും ആശ്വാസമായതിന്റെ ആത്മസംതൃപ്തിയോടെയാണ് അദ്ദേഹം സ്വദേശത്തേക്ക് മടങ്ങുന്നത്.

മലപ്പുറം കോട്ടക്കൽ പുലിക്കോട് സ്വദേശിയായ യാഹുമോൻ ഹാജി, ആ പ്രദേശത്തെ പൗരപ്രമുഖ തറവാടായ ചെമ്മുക്കൻ വീട്ടിലാണ് ജനിച്ചത്. പിതാവ് മൊയ്തു ഹാജി. 52 വർഷമായി പ്രവർത്തിച്ചു വരുന്ന യു.എ.ഇ. പുലിക്കോട് മഹല്ല് കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരികളിലൊരാളായ അദ്ദേഹം, നാട്ടിലെ നിരവധി ധർമ്മസ്ഥാപനങ്ങളുടെയും ജീവകാരുണ്യ കൂട്ടായ്മകളുടെയും സജീവ പ്രവർത്തകനും നേതാവുമാണ്.

കോട്ടക്കൽ രാജാസ് സ്കൂളിലും എംഇഎസ് മമ്പാട് കോളേജിലും പഠനകാലത്ത് എംഎസ്എഫിലൂടെ പൊതുമണ്ഡലത്തിലേക്ക് കടന്നുവന്ന യാഹുമോൻ ഹാജി, ആ സാമൂഹിക ഇടപെടലുകളുടെ തുടർച്ച പ്രവാസജീവിതത്തിലും നിലനിർത്തി. പൗരപ്രമുഖനായിരുന്ന ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജിയുടെ മകൾ മുംതാസ് ആണ് ഭാര്യ. മൂന്നു മക്കളുണ്ട്. പാണക്കാട് തങ്ങൾ കുടുംബവുമായി ആത്മബന്ധം പുലർത്തുന്ന വ്യക്തിത്വവുമാണ് അദ്ദേഹം.കഴിഞ്ഞ ദിവസങ്ങളിൽ ദുബൈ കെഎംസിസിയും മലപ്പുറം ജില്ലാ കമ്മിറ്റിയും യാഹുമോൻ ഹാജിക്ക് യാത്രയയപ്പ് നൽകി.