യു.പി.ഐ വഴി ഇനി കാര്‍ഡില്ലാതെയും എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാം
|
മുംബൈ: എ.ടി.എമ്മില്‍ നിന്ന് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന ഇന്ററോപ്പറബിള്‍ കാര്‍ഡ്‌ലെസ് കാഷ് വിത്‌ഡ്രോവല്‍ (ഐ.സി.സി.ഡബ്ല്യു) സേവനം യാഥാര്‍ഥ്യമായി. ഇടപാടുകാര്‍ക്ക് എ.ടി.എം/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിന് പകരം യു.പി.ഐ ആപ്പ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാവുന്ന സൗകര്യമാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ ഫിന്‍ടെക് ഇന്‍ഫ്‌ലുവന്‍സര്‍ രവിസുതന്‍ജനിയാണ് ഇത്തരത്തില്‍ പണം പിന്‍വലിച്ചതെങ്കിലും വൈകാതെ തന്നെ പൊതുജനങ്ങള്‍ക്കും ഈ സൗകര്യം ലഭ്യമാകും.
രവിസുതന്‍ജനി എ.ടി.എം കൗണ്ടറില്‍ കയറി സേവനം ഉപയോഗിക്കുന്നതിന്റെ വിഡിയോ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. കാര്‍ഡിന് പകരം യു.പി.ഐ വിവരങ്ങള്‍ നല്‍കുകിയാണ് പിന്‍വലിക്കേണ്ടത്. ആദ്യം യു.പി.ഐ കാര്‍ഡ്‌ലെസ് എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് പിന്‍വലിക്കുന്ന തുക അടിക്കാം. ഇതോടെ യു.പി.ഐ സ്‌കാനര്‍ ചെയ്യാനുള്ള ഒപ്ഷന്‍ തെളിഞ്ഞുവരും. ഈ സമയം ഭിം ആപ്പിന്റെ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്യുന്നതോടെ രഹസ്യകോഡ് ടൈപ്പ് ചെയ്യണം. ഇതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയായി.
യു.പി.ഐ എ.ടി.എം സംവിധാനം നാഷനല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ) ആണ് രൂപകല്‍പ്പനചെയ്തത്. തുടക്കത്തില്‍ ഭിം ആപ്പ് മുഖേനയാവും ഇവ ലഭിക്കുക. ഭാവിയില്‍ ഗൂഗിള്‍ പോ, ഫോണ്‍പേ, പേ ടിഎം ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ചും പണം പിന്‍വലിക്കാവുന്നതാണ്.
UPI ATM: The future of fintech is here! 💪🇮🇳 pic.twitter.com/el9ioH3PNP
— Piyush Goyal (@PiyushGoyal) September 7, 2023


