13
Jan 2026
Fri
13 Jan 2026 Fri
kozhikkode ganja

കോഴിക്കോട്: ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയില്‍ സ്വദേശിയായ മുഹമ്മദ് റാഫിയാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നു കഞ്ചാവ് കൊണ്ടുവന്ന് വിതരണം ചെയ്യുന്നയാളാണ് റാഫി. കഞ്ചാവ് അടിച്ച് കിളിപോയി കിടന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് ബീച്ചില്‍ കിടന്നുറങ്ങുകയായിരുന്ന ആളെ കണ്ടത്. സമീപത്ത് ഒരു ഷീറ്റില്‍ നിരത്തിയിട്ടിരുന്ന ഇലകള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. നാട്ടുകാര്‍ ഉടന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പോലീസ് എത്തി യുവാവിനെ കസ്റ്റിഡിയിലെടുത്തു. 370 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

ALSO READ: കേരള കുംഭമേള: സ്‌റ്റോപ്പ് മെമ്മോ നിലനില്‍ക്കേ കലക്ടറുടെ അനുമതി; ഭാരതപ്പുഴയില്‍ താല്‍ക്കാലിക പാലം നിര്‍മാണം വീണ്ടും തുടങ്ങി

അതേസമയം, കോഴിക്കോട് വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പറമ്പില്‍ നിന്ന് കഞ്ചാവ് ചെടികളും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വടകര പൊലീസെത്തി കഞ്ചാവ് ചെടികള്‍ വേരോടെ പിഴുതെടുത്ത് വടകര സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മണ്ണിലുണ്ടായിരുന്ന വിത്ത് മുളച്ച് ചെടിയായതാകുമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ കഞ്ചാവ് ചെടിയുണ്ടോയെന്ന് അറിയാന്‍ സമീപത്തെല്ലാം പരിശോധന നടത്തിയെങ്കിലും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടില്ല.

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുട്ടത്തറ പള്ളം അബു മന്‍സിലില്‍ അബുതാഹിര്‍, കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മിഥുന്‍ എന്നിവരെയാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രവീണും സംഘവും പിടികൂടിയത്.