30
May 2023
Sat
30 May 2023 Sat

കൊച്ചി: കാക്കനാട് ചെമ്പുമുക്ക് പാറക്കാട്ട് ടെമ്പിൾ എംഎൽഎ റോഡിലെ അപാർട്ട്‌മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഒപ്പം താമസിച്ചിരുന്ന യുവാവ് ഗുരുതര നിലയിൽ ചികിത്സയിലാണ്. കോഴിക്കോട് തലക്കുളത്തൂർ വികെ റോഡ് കുനിയിൽ ബാലന്റെ മകൾ വൈഷ്ണവിയാണ് (22) മരിച്ചത്. ഇടുക്കി തങ്കമണി വെമ്പേലിൽ ജേക്കബ് ജോസഫിന്റെ മകൻ അലക്‌സ് ജേക്കബ് (24) ആണ് ചികിത്സയിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈഷ്ണവി സ്വകാര്യ കമ്പനിയിലെ ഡിജിറ്റൽ മാർക്കറ്റിങ് ജീവനക്കാരിയാണ്. അലക്‌സ് ഐടി യൂണിറ്റ് ജീവനക്കാരനും. മൂന്നു നില സമുച്ചയത്തിലെ രണ്ടാം നിലയിലെ അപ്പാർട്ട്‌മെന്റ് രണ്ടാഴ്ച മുൻപാണ് ഇവർ വാടകക്കെടുത്തത്. വെള്ളിയാഴ്ച രാവിലെ 9.30-ഓടെ വാട്ടർ മീറ്റർ റീഡിങ്ങിന് എത്തിയ തൃക്കാക്കര ജല അതോറിറ്റി ജീവനക്കാരൻ ചന്ദ്രബോസാണ് സമീപത്തെ അപ്പാർട്ട്മെന്റിൽനിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയത്.

തറയിൽ കിടക്കുകയായിരുന്ന വൈഷ്ണവിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന നിലയിലായിരുന്നു അലക്‌സ്. പരിസരത്ത് രക്തം തളം കെട്ടിക്കിടപ്പുണ്ടായിരുന്നു. വൈഷ്ണവി തൂങ്ങിമരിച്ചതാണെന്നും താൻ അഴിച്ചു താഴെ കിടത്തിയതാണെന്നും അലക്‌സ് പൊലീസിനോട് പറഞ്ഞു. മുറിയിലെ ഫാനിൽ തുണി കെട്ടിയിരുന്നു.

വ്യാഴാഴ്ച രാത്രി വഴക്കിനിടയിൽ തന്നെ മുറിയിൽ പൂട്ടി വൈഷ്ണവി അടുത്ത മുറിയിലേക്കു പോയെന്നും വാതിൽ തുറന്നു പുറത്തെത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്നുമാണ് അലക്‌സിന്റെ വിശദീകരണം. വൈഷ്ണവി മരിച്ചെന്ന് വ്യക്തമായപ്പോൾ ആ വിഷമത്തിലാണ് സ്വന്തം കൈത്തണ്ട മുറിച്ചതെന്നും അലക്‌സ് പറഞ്ഞു. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അലക്‌സും ഇവിടെ ചികിത്സയിലാണ്.

എന്താണ് മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. വൈഷ്ണവിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.