28
Aug 2024
Mon
28 Aug 2024 Mon
Gramin Bank Kalpetta protest

കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തില്‍നിന്ന് വായ്പാ തുക ഈടാക്കി കല്‍പ്പറ്റ ഗ്രാമീണ്‍ ബാങ്ക്.(Youth organizations protest against Gramin Bank Kalpetta)  ശക്തമായ പ്രതിഷേധവുമായി യുവജനസംഘടനകള്‍ രംഗത്തെത്തിയതോടെ മൂന്ന് പേരുടെ തുക ബാങ്ക് തിരിച്ചുനല്‍കി. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് ബാങ്കിന് മുന്‍പില്‍ ഉപരോധസമരവുമായി എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഘടനകള്‍ ബാങ്ക് മാനേജരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. പിടിച്ച തുക തിരിച്ചുനല്‍കിയെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു. മൂന്നുപേരുടെ തുക മാത്രമാണ് പിടിച്ചതെന്നാണ് ബാങ്ക് മാനേജര്‍ പറയുന്നത്. എന്നാല്‍, കൂടുതല്‍ പേരില്‍ നിന്ന് തുക പിടിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ വിവരങ്ങള്‍ മറുച്ചുവയ്ക്കുകയാണെന്നും യുവജന സംഘടനകള്‍ ആരോപിച്ചു.

സമരം അക്രമാസക്തമാകുകയും പൊലീസ് ഇടപെടുകയും ചെയ്തതോടെയാണ് രേഖകള്‍ പരിശോധിച്ച് മൂന്നുപേര്‍ക്ക് തുക തിരിച്ചുനല്‍കിയത്.

അതേസമയം, മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അടിയന്തര ധനസഹായത്തില്‍ നിന്ന് പിടിച്ച വായ്പാ തുക തിരിച്ചുനല്‍കുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതി അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയില്‍ നിന്ന് വായ്പ പിടിച്ചതെന്ന് ബാങ്കിങ് സമിതി പറഞ്ഞു.

ജൂലൈ 30 ന് ശേഷം പിടിച്ച വായ്പ തുക തിരിച്ച് നല്‍കാന്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇന്ന് തലസ്ഥാനത്ത് ചേരുന്ന ബാങ്കേഴ്‌സ് സമിതി യോഗം ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കും.

അടിയന്തര ധനസഹായമായി സര്‍ക്കാര്‍ നല്‍കിയ 10000 രൂപയില്‍ നിന്നാണ് നിരവധി പേരുടെ വായ്പാ തുക പിടിച്ചത്. ചുരല്‍മല ഗ്രാമീണ്‍ ബാങ്കിന്റേതായിരുന്നു നടപടി. പുഞ്ചിരിമട്ടം സ്വദേശിയായ മിനിമോള്‍ കിണര്‍ നിര്‍മ്മിക്കാനായി ആധാരം പണയം വച്ച് 50000 രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ വായ്പാ ഗഡുവായ 3000 രൂപയാണ് ഇവര്‍ക്ക് ആഗസ്ത് 14 ന് ലഭിച്ച ധനസഹായത്തില്‍ നിന്ന് ബാങ്ക് പിടിച്ചത്. നിലവില്‍ മേപ്പാടി സ്‌കൂളിലെ ക്യാമ്പിലാണ് മിനിയും ഭര്‍ത്താവും കഴിയുന്നത്.

ചൂരല്‍മല സ്വദേശിയായ സന്ദീപിന്റെ 2000 രൂപയും പശുക്കളെ വാങ്ങാന്‍ വായ്പയെടുത്ത രാജേഷിന്റെ പണവും ബാങ്ക് പിടിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടറോട് വിശദീകരണം തേടിയിരുന്നു.

ഈ മൂന്ന് പേരുടെയും തുക തിരിച്ചുനല്‍കിയതായാണ് ബാങ്ക് അധികൃതര്‍ പറയുന്നു. അതേസമയം, വിപിന്‍ കുമാര്‍ എന്നയാള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരില്‍ നിന്ന് പണംപിടിച്ചതായി യുവജന സംഘടനകള്‍ തെളിവ് നല്‍കി. ബാങ്കിന് മുന്നില്‍ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.