യുവമോര്‍ച്ച വനിത നേതാവിനെ വിവാഹ വാഗ്ദാനം നല്‍കി തുടരെ പീഡിപ്പിച്ചു; കോഴിക്കോട്ടെ ബിജെപി നേതാവിന്റെ ഡ്രൈവര്‍ക്കെതിരേ കേസ്
|
കോഴിക്കോട്: യുവമോര്‍ച്ച വനിതാ നേതാവിനെ വിവാഹവാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി കോഴിക്കോട് ജില്ലാ നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കുന്നമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്താണ് താല്‍ക്കാലിക ജോലിക്കായി യുവതിയെ ബിജെപി ജില്ലാക്കമ്മിറ്റി ഓഫിസിലെത്തിച്ചത്. തെരഞ്ഞെടുപ്പു കാലത്തിനുശേഷം സജീവ പ്രവര്‍ത്തകയായി. ഇക്കാലത്ത് പ്രതി പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നല്‍കിയ ശേഷം പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് യുവതിയുമായി പല തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്‌തെന്നാണ് പരാതി. ബന്ധത്തിനിടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രതി സ്വന്തമാക്കുകയുംചെയ്തു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
എട്ടുമാസം മുന്‍പ് ഇയാള്‍ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചു പോയതാണ്. തുടര്‍ന്ന് യുവതി അസി. കമ്മിഷണര്‍ കെ സുദര്‍ശനു പരാതി നല്‍കി. പരാതി കുന്നമംഗലം സ്റ്റേഷനിലേക്ക് കൈമാറുകയും അന്വേഷിച്ച് സംഭവത്തില്‍ കേസെടുക്കുകയുമായിരുന്നു.





