കാമുകിയുമായുള്ള വിവാഹത്തിന് 21 വയസുവരെ കാത്തിരിക്കണമെന്ന് പറഞ്ഞ പൊലീസുകാരനെ വെടിവെച്ച് കൊന്ന് 18കാരനായ മകൻ. ചണ്ഡിഗഢ് പൊലീസ് ഹെഡ് കോൺസ്റ്റബിളായ നിതിൻ സിങ്ങിനെയാണ് സെക്ടർ 22ലെ സർക്കാർ വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാമുകിയെ വിവാഹം കഴിക്കാൻ മകൻ അർമാൻ മാതാപിതാക്കളിൽ സമ്മർദം ചെലുത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. എന്നാൽ പുരുഷന്മാർക്ക് നിയമപരമായ വിവാഹപ്രായമായ 21 വയസ് തികഞ്ഞ ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു മാതാപിതാക്കളുടെ നിലപാട്. സംഭവത്തിന് തലേദിവസം അർമാൻ മാതാപിതാക്കളുമായി തർക്കിച്ചിരുന്നു.
|
വെള്ളിയാഴ്ച തലയ്ക്ക് വെടിയേറ്റ നിലയിലാണ് നിതിൻ സിങ്ങിനെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്കും പൊലീസ് കണ്ടെടുത്തു. അർമാൻ പിതാവിനെ വെടിവെച്ചതിന് പിന്നാലെ അമ്മയുടെ കഴുത്തിൽ പിടിച്ച് ഉപദ്രവിക്കാനും ശ്രമിച്ചതായി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട അമ്മ മുകളിലെ നിലയിലെത്തി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പുറത്തുനിന്ന് ആരോ വീട്ടിൽ കയറി പിതാവിനെ ആക്രമിച്ചതായി വരുത്തിത്തീർക്കാൻ അർമാൻ ശ്രമിച്ചതായും അയൽവാസി പറഞ്ഞു. അർമാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെയും കേസിൽ പ്രതി
രണ്ട് സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ അർമാൻ നേരത്തെ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. സുഹൃത്തിന്റെ മഹീന്ദ്ര ഥാർ ഓടിച്ചിരുന്ന അർമാൻ മണിമജ്രയിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് സഹോദരങ്ങളെ ഇടിക്കുകയായിരുന്നു.
ALSO READ: കാമുകനൊപ്പം ചേർന്ന് വിഷം കലർത്തിയ മിഠായി നൽകി മൂന്നുമക്കളെ കൊന്ന അമ്മ അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





