01
Jan 2024
Thu
01 Jan 2024 Thu

കര്‍ണാടകയിലെ മാണ്ഡ്യ മേലുകോട്ടെയില്‍ വിവാഹിതയായ അധ്യാപിക ദീപിക വി. ഗൗഡ(28)യെ കൊന്ന് ക്ഷേത്രത്തിനു സമീപത്തു കുഴിച്ചിട്ട സംഭവത്തില്‍ 22കാരന്‍ അറസ്റ്റില്‍. അധ്യാപികയുടെ അടുപ്പക്കാരനായ നിതീഷാണ് പിടിയിലായത്. അധ്യാപികയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനു മൊഴി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാവിലെ ജോലി ചെയ്യുന്ന സ്‌കൂളിലേക്കു പോയ ദീപികയെ കാണാതാവുകയായിരുന്നു. ദീപികയ്ക്കു വേണ്ടിയുള്ള തിരച്ചിലില്‍ തിങ്കളാഴ്ചയാണ് മേലുകോട്ടെ യോഗ നരസിംഹ ക്ഷേത്രത്തിന് സമീപത്തെ മൈതാനത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 9ന് സ്‌കൂളിലേക്ക് പോയ ദീപിക, ഉച്ചയ്ക്ക് 12ഓടെ അവിടെനിന്ന് മടങ്ങിയിരുന്നു. എന്നാല്‍, ഇതിനുശേഷം യുവതി എവിടേക്കാണ് പോയതെന്ന് വ്യക്തമായിരുന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്തനിലയിലായിരുന്നു.

പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മേലുകോട്ടെ കുന്നിന് സമീപം അധ്യാപികയുടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിച്ച് ഇത് ദീപികയുടെ വാഹനമാണെന്ന് ഉറപ്പിച്ചു. പിന്നാലെ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് ഒരു വിനോദസഞ്ചാരി പകര്‍ത്തിയ വീഡിയോക്ലിപ്പ് പൊലീസിനു ലഭിക്കുകയും സ്‌കൂട്ടര്‍ കണ്ടെത്തിയ സ്ഥലത്തുവച്ച് ദീപികയും ഒരു യുവാവും വഴക്കിടുന്നതായി കാണുകയും ചെയ്തു. ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് പരിസരത്ത് മണ്ണിളകിയതും ദുര്‍ഗന്ധം വമിക്കുന്നതും ശ്രദ്ധയില്‍പെടുന്നത്. മണ്ണുനീക്കി നോക്കിയപ്പോള്‍ അധ്യാപിയുടെ മൃതദേഹം കണ്ടത്തുകയായിരുന്നു.

ദീപികയെ കാണാനില്ലെന്ന പരാതി നല്‍കിയതിന് പിന്നാലെ സമീപവാസിയായ നിതീഷിനെക്കുറിച്ചുള്ള വിവരം ഭര്‍ത്താവ് പങ്കുവച്ചിരുന്നു. പൊലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ കാണാനില്ലെന്ന് വ്യക്തമായി. പ്രതിയുടെ മൊബൈല്‍ഫോണും സ്വിച്ച്ഡ് ഓഫായിരുന്നു. കൊല്ലപ്പെട്ട ദീപികയും പ്രതി നിതീഷും തമ്മില്‍ രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യമറിഞ്ഞ ദീപികയുടെ കുടുംബം നിതീഷിന് താക്കീത് നല്‍കിയിരുന്നു. ഇതിനുപിന്നാലെ ദീപിക നിതീഷുമായി അകലം പാലിച്ചു. തുടര്‍ന്നാണ് പ്രതി യുവതിയെ കൊലപ്പെടുത്താനായി പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന ദിവസം നിതീഷിന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷിക്കാനെന്ന് പറഞ്ഞ് പ്രതി ദീപികയെ മേലുകോട്ടെ കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇവിടെവച്ച് വഴക്കുണ്ടായതോടെ കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടശേഷം നിതീഷ് കടന്നുകളയുകയായിരുന്നു. കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷം യുവാവ് നാട്ടില്‍നിന്ന് മുങ്ങിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക