തമിഴ്നാട്ടിൽ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതിയിൽ ഭരണകക്ഷിയായ ടിവികെയുടെ എംഎൽഎ സി. അരുള്‍ വിഘ്നേഷ് അറസ്റ്റിൽ. കള്ളക്കുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 36കാരനായ എംഎൽഎയെ വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അയച്ച സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.
|
നവംബർ 23നാണ് ഉദ്യോഗസ്ഥ ഔദ്യോഗികമായി പരാതി നൽകിയത്. പരാതിയിൽ പറയുന്ന സംഭവം നടന്നിട്ട് 117 ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു നേരത്തെ എംഎൽഎയുടെ പ്രതികരണം.
കോടതി നിർദേശപ്രകാരമുള്ള അന്വേഷണത്തിന് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ എൻ. കാമിനിയുടെ നേതൃത്വത്തിലാണ് മേൽനോട്ടം. നവംബർ 25ന് കള്ളക്കുറിച്ചി വനിതാ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഭുവനേശ്വരി എംഎൽഎയുടെ വീട്ടിലെത്തി സമൻസ് കൈമാറിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഐ. ഷഹ്നാസ് നവംബർ 23ന് പരാതി സ്വീകരിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് തുടർനടപടികൾക്കായി കൈമാറിയത്.
തമിഴ്നാട് സ്ത്രീകളെ ഉപദ്രവിക്കുന്നത് തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ അഞ്ച് വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 75, 78, 79, 132 വകുപ്പുകളും ഉൾപ്പെടുന്നു. ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യപ്പെടുത്തൽ, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പുകൾ പ്രകാരം ചുമത്തിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



