തിരുവനന്തപുരം മാറനല്ലൂരില്‍ അങ്കണവാടിയില്‍ വച്ച് വീണ മൂന്നുവയസ്സുകാരിയുടെ തലയോട്ടിക്കും നട്ടെല്ലിനും പരിക്ക്. കുട്ടി വീണ വിവരം മാതാപിതാക്കളെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തി അധ്യാപിക. ഗുരുതരാവസ്ഥയില്‍ കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു.
|
പോങ്ങുംമൂട് സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ് വൈഗയാണ് കഴിഞ്ഞദിവസം അങ്കണവാടിയില്‍ വീണത്. എന്നാല്‍ ഈ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നതിനു ശേഷം എന്തു കഴിച്ചാലും മകള്‍ ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് രതീഷ് പറയുന്നു. രണ്ടു തവണ ഭക്ഷണം കൊടുത്തു. രണ്ടു തവണയും ഛര്‍ദ്ദിച്ചു. പാല് കൊടുത്തതും ഛര്‍ദ്ദിച്ചു. കിടക്കണമെന്ന് പറഞ്ഞുകൊണ്ടിരുന്ന കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നുവെന്നും രതീഷ് പറഞ്ഞു.
വൈഗയുടെ ഇരട്ടസഹോദരനാണ് കുട്ടി വീണ വിവരം മാതാപിതാക്കളോട് പറഞ്ഞത്. പരിശോധിച്ചപ്പോള്‍ തല മുഴച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അപ്പോഴേക്കും സമയം വൈകീട്ട് അഞ്ചുമണിയായിരുന്നു.
വൈഗ വീണ വിവരം എന്തുകൊണ്ടാണ് പറയാതിരുന്നതെന്ന് അധ്യാപികയെ ഫോണ്‍ വിളിച്ചു ചോദിച്ചുവെന്നും വിളിക്കാന്‍ മറന്നുപോയെന്നുമാണ് മറുപടി ലഭിച്ചതെന്നും അച്ഛന് പറഞ്ഞു. കുട്ടിയെ ആദ്യം നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെവച്ച് സിടി സ്കാന്‍ ചെയ്തു. പിന്നീട് രാത്രി ഒമ്പതോടെ എസ്എടി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കുഞ്ഞിന് ആന്തരിക രക്തസ്രാവമുണ്ട്. കഴുത്തിന് പിന്നില്‍ ഗുരുതര പരുക്കുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും അച്ഛന് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





