10
Aug 2023
Mon
10 Aug 2023 Mon

ലൈനില്‍ മുട്ടിയെന്നപേരില്‍ 406 കുലവാഴകള്‍ വെട്ടിനിരത്തി; വാഴ കര്‍ഷകനോട് KSEBയുടെ ക്രൂരത നഷ്ടം ലക്ഷങ്ങള്‍, ഖേദകരമെന്ന് മന്ത്രി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കൊച്ചി: ലക്ഷങ്ങള്‍ മുടക്കി നട്ട വാഴകള്‍ നിഷ്‌കരുണം വെട്ടിമാറ്റി കര്‍ഷകനോട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ക്രൂരത. വാരപ്പെട്ടിയില്‍ 220 കെ.വി ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്. വര്‍ഷങ്ങളായി മൂവ്വാറ്റുപുഴ വാരപ്പെട്ടി പഞ്ചായത്തിലെ ഇലങ്കവത്ത് കൃഷി ചെയ്ത് വരുന്ന തോമസിന്റെ വാഴകളാണ് വെട്ടിനിരത്തിയത്. 50 സെന്റിലെ കൃഷി മുഴുവനായും നശിപ്പിച്ചു. ഓണത്തോട് അനുബന്ധിച്ച് വിളവ് കാത്തു കിടന്ന ഒന്‍പത് മാസം പ്രായമായ 406 വാഴകളാണ് വെട്ടി നശിപ്പിച്ചത്.

ദിവസങ്ങള്‍ക്കകം വെട്ടി വില്‍ക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകന്‍ അനീഷ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ വാഴകള്‍ വെട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്.

സംഭവദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ എത്തി വാഴ വെട്ടിയതെന്ന് പറയുന്നു. ഈ ഭാഗത്ത് ടവര്‍ ലൈന്‍ താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. രണ്ട് ടവറുകള്‍ക്കിടയില്‍ അകലം കൂടുതലായതു മൂലം ലൈനുകളില്‍ ഒന്ന് താഴ്ന്നിരിക്കുന്നതാണ് വാഴയിലയില്‍ മുട്ടാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

തങ്ങളെ അറിയിക്കാതെയാണ് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വാഴകള്‍ വെട്ടി നശിപ്പിച്ചതെന്ന് അനീഷ് പറഞ്ഞു. ലൈനില്‍ മുട്ടാന്‍ സാധ്യതയുള്ള വാഴക്കൈ വെട്ടിനീക്കിയാല്‍ തീരാവുന്ന പ്രശ്‌നത്തിന് പകരം വാഴ വെട്ടിവീഴ്ത്തി. ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കിലും വെട്ടിനീക്കിയതു കാരണം നഷ്ടപരിഹാരം ലഭിക്കില്ലെന്ന് കര്‍ഷകന്‍ കണ്ണീരോടെ പറഞ്ഞു.

അപകടം ഒഴിവാക്കാനാണ് വാഴ വെട്ടിയതെന്നും കര്‍ഷകനെ ദ്രോഹിക്കാന്‍ ചെയ്തതല്ലെന്നും മൂലമറ്റം കെ.എസ്.ഇ.ബി. ലൈന്‍ മെയിന്റന്‍സ് വിഭാഗം അധികൃതര്‍ പറഞ്ഞു. വാഴകള്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ വെട്ടി നശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ അവന്റെ വിളകളെ വെട്ടിനശിപ്പിച്ചത് തീര്‍ത്തും ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക