ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇന്ത്യ എയെ എട്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്ക എ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യം 41.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു.
|
ഓപ്പണർമാരായ ലസിത് ക്രൂസ്പുള്ളെയുടെയും സിനേത് ജയവർധനെയുടെയും തകർപ്പൻ സെഞ്ചുറികളാണ് ശ്രീലങ്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ക്രൂസ്പുള്ളെ 107 പന്തിൽ 116 റൺസ് നേടിയപ്പോൾ ജയവർധനെ 70 പന്തിൽ 105 റൺസുമായി വെടിക്കെട്ട് പ്രകടനം നടത്തി.
ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 174 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ ബൗളിങ് നിര സമ്മർദത്തിലായി. ക്രൂസ്പുള്ളെ പിന്നീട് നിഷാൻ മധുഷ്കയ്ക്കൊപ്പം (58*) 91 റൺസ് കൂടി കൂട്ടിച്ചേർത്ത് ടീമിന്റെ വിജയം ഉറപ്പാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസാണ് നേടിയത്. അഭിഷേക് ശർമ (78), ക്യാപ്റ്റൻ തിലക് വർമ്മ (53), ഷഹ്ബാസ് അഹമ്മദ് (54*) എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വൈഭവ് സൂര്യവംശി 27 പന്തിൽ 40 റൺസുമായി മികച്ച തുടക്കവും നൽകി.
എന്നാൽ ബാറ്റിങ്ങിലെ മികവ് ആവർത്തിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിയാതെ വന്നതോടെ ശ്രീലങ്ക ഫൈനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



