ന്യൂഡല്‍ഹി: നിരോധിച്ച 2000 രൂപ നോട്ടുകളില്‍ പകുതിയും മൂന്നാഴ്ചയ്ക്കിടെ തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് 21 ദിവസം കൊണ്ട് 1.8 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയില്‍ നിന്ന് തിരികെ എത്തിയത്. ഇതില്‍ 85 ശതമാനവും ബാങ്ക് നിക്ഷേപങ്ങളായാണ് ലഭിച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
|
മാര്‍ച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. നോട്ടുകള്‍ തിരികെ സമര്‍പ്പിക്കേണ്ട സമയപരിധിയോട് അടുക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കി 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുകയോ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുസമയം 20000 രൂപ വരെയാണ് 2000 രൂപ മാറ്റിവാങ്ങാന് അനുവദിച്ചിരിക്കുന്നത്.
2018 മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് 6.73 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. എന്നാലിത് 2023 ആയപ്പോഴേക്കും 3.62 ലക്ഷം കോടിയായി കുറയുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





