സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. നാലുചക്ര വാഹനങ്ങളുടെ ലൈസന്‍സ് ലഭിക്കാന്‍ ഇനി ‘H’ മാത്രം മതിയാവില്ല. ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങളും വൈദ്യുതവാഹനങ്ങളും ടെസ്റ്റിന് ഉപയോഗിക്കാനാവില്ല. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തി. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. അപേക്ഷകരില്‍ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരുമായിരിക്കണം.(driving licence test criteria changed in kerala)
|
ഡ്രൈവിങ് സ്‌കൂളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷമാക്കി. 15 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ മെയ് ഒന്നിനു മുന്‍പ് മാറ്റണം. ഗ്രൗണ്ടില്‍ റോഡ് ടെസ്റ്റ് നടത്താനാവില്ല. ടെസ്റ്റ് നടത്തിയാലത് ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടര്‍ ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തില്‍ ഡാഷ് ബോര്‍ഡ് കാമറ സ്ഥാപിക്കണം. ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മോട്ടര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തില്‍ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ള വണ്ടിയായിരിക്കണം. വാഹനത്തിന്റെ എന്‍ജിന്‍ 99 സിസിക്ക് മുകളിലായിരിക്കണം.
ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടര്‍ ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം. ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് ഡാറ്റ മോട്ടര്‍ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റണം. ഡാറ്റ 3 മാസം സൂക്ഷിക്കണം. മെയ് ഒന്നു മുതല്‍ തീരുമാനം നടപ്പാക്കണം.
ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ വിഭാഗത്തില്‍പ്പെട്ട പാര്‍ട്ട് വണ്‍ ഡ്രൈവിങ് ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കില്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേക ട്രാക്കില്‍ നടത്തണം. ഡ്രൈവിങ് ടെസ്റ്റ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി സര്‍ക്കാര്‍ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും ഉത്തരവില് പറയുന്നു.






