|
ജിദ്ദ: 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിന് സൗദി അറേബ്യ ഔദ്യോഗികമായി തുടക്കം കുറിച്ചു. 48 ടീമുകള്‍ ഏറ്റുമുട്ടുന്ന ലോകകപ്പിന് ഇതാദ്യമായാണ് ഒരു രാജ്യം മാത്രമായി ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. 2034ലെ ലോകകപ്പിന് വേദിയൊരുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ആസ്‌ട്രേലിയ പിന്‍വാങ്ങിയതോടെയാണ് ആതിതേയത്വം വഹിക്കാനുള്ള അവസരം സൗദിക്ക് ലഭിക്കുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിനും കഴിഞ്ഞ ദിവസം സൗദി അറേബ്യന്‍ ഫുട്‌ബോള് ഫെഡറേഷന്‍ തുടക്കം കുറിച്ചു.
‘വളരുന്നു, ഞങ്ങള്‍ ഒരുമിച്ച്’ എന്ന മുദ്രാവാക്യവുമായി ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തതായി സൗദി ഫുട്ബാള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ലോകകപ്പ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ ഉദ്ദേശിക്കുന്നതായി സൗദി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഔദ്യോഗിക നാമനിര്‍ദേശ കത്ത് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബാളിന് (ഫിഫ) സൗദി ഫുട്ബാള്‍ ഫെഡറേഷന്‍ അയച്ചിരുന്നു. saudi2034bid.com എന്ന ഔദ്യോഗിക വെബ്‌സൈറ്റും ലോഞ്ച് ചെയ്തു.
ലോഗോയില്‍ 34 എന്ന സംഖ്യയുടെ രൂപത്തില്‍ ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ ചിഹ്നങ്ങളുടെ വര്‍ണ്ണാഭമായ വരകള്‍ അടങ്ങിയിരിക്കുന്നു. ഇത് ലോകകപ്പിന്റെ 25-ാം പതിപ്പായ 2034ലെ ടൂര്‍ണമെന്റിനെ സൂചിപ്പിക്കുന്നു. സൗദിയുടെ ഭൂമിശാസ്ത്രപരമായ ഭൂപടത്തിന്റെ ആകൃതിയിലാണ് ലോഗോ. അഞ്ച് വ്യത്യസ്ത നിറങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇത് സൗദി സമൂഹത്തെയും രാജ്യത്തിന്റെയും ആകര്‍ഷകമായ ഭൂപ്രദേശത്തെയും ചിത്രീകരിക്കുന്ന മഹത്തായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
കഴിഞ്ഞ ആറ് വര്‍ഷമായി, സൗദി അറേബ്യ 40ഓളം കായിക ഇനങ്ങളിലായി നൂറിലധികം അന്താരാഷ്ട്ര ഇവന്റുകള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളുമായി സജീവ ഫുട്ബാള്‍ പങ്കാളിത്തവും രാജ്യത്തിനുണ്ട്.
Saudi Arabia officially launches campaign to host 2034 FIFA World Cup



