ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന സിനിമയുടെ പേര് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. പേരിലെ ഭാരതം എന്ന വാക്ക് മാറ്റണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ എന്താണ് പേര് മാറ്റനുള്ള കാരണം എന്ന് അവര്‍ വ്യക്തമാക്കുന്നില്ല. മറ്റു വഴികളില്ലെന്നും മാര്‍ച്ച് എട്ടിന് ചിത്രം പുറത്തിറക്കാന്‍ വേണ്ടി പേര് മാറ്റുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്നാണ് പുതിയ പേര്.
|
നിലവില്‍ തിയെറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ ട്രെയ്ലറിന് ഈ പേരില്‍ സെന്‍സര്‍ അനുവദിച്ചിരുന്നതാണ്. സിനിമയുടെ ഉള്ളടക്കത്തിലും സെന്‍സര്‍ ബോര്‍ഡിന് പരാതിയില്ല. പക്ഷേ പേരിലെ ഭാരതം എന്ന വാക്കിനോട് മാത്രമാണ് വിയോജിപ്പെന്ന് സിനിമയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുബീഷ് സുധി പറഞ്ഞു. പോസ്റ്റര്‍ അച്ചടി ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രചാരണവും തുടങ്ങിയ ഈ സമയത്ത് വരുന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനം സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നും അദേഹം പറഞ്ഞു.
അണിയറപ്രവര്‍ത്തകരുടെ വാര്‍ത്താ കുറിപ്പ്.
ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം , ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നമായി മാറുമ്പോള്‍..
ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.വി രഞ്ജിത്ത് സംവിധാനം ചെയ്തു പുറത്തിറങ്ങുന്ന പുതിയ മലയാള ചലച്ചിത്രമാണ് ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം. ഈ സിനിമക്ക് ഇന്നലവരെ ഉണ്ടായിരുന്ന പേര് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം എന്നായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ സെന്‍സര്‍ ചെയ്തു കൊണ്ട് അറിയിച്ചിട്ടുള്ളത് ചിത്രത്തില്‍ ഭാരതം എന്ന വാക്ക് ടൈറ്റിലില്‍ ഉപയോ?ഗിക്കാന്‍ പാടില്ല എന്നതാണ്. ഈ സിനിമയുടെ പേര് ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം’ എന്ന് തീരുമാനിച്ചതിന്റെ കാരണം സിനിമ കാണുന്നവര്‍ക്ക് മനസിലാകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സിനിമയുടെ മേല്‍ നടത്തുന്ന ഇത്തരം അനാവശ്യ ഇടപെടലുകളില്‍ ഒരു ‘ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം’ എന്ന സിനിമയുടെ അണിയറക്കാര്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ താഴെ വിവരിക്കുന്നു.
1- സിനിമയുടെ ടൈറ്റില്‍ ഒന്നര വര്‍ഷം മുന്നേ രജിസ്റ്റര്‍ ചെയ്താണ്. കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സാണ് ഈ പേരിന് അനുമതി നല്‍കിയത്.
2- സിനിമയുടെ ട്രെയിലര്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തതാണ്. അത് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന പേരില്‍ തന്നെയാണ്. തീയ്യേറ്ററുകളില്‍ നിന്നും ട്രെയ്ലര്‍ പിന്‍വലിക്കണം എന്നതാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
3- ട്രെയ്ലര്‍ സെന്‍സര്‍ ചെയ്തിനെ തുടര്‍ന്ന് സിനിമയുടെ പ്രചരണാര്‍ത്ഥം ഞങ്ങള്‍ പോസ്റ്ററുകളും ബാനറുകളും ഹോര്‍ഡിങ്ങളുകളും പ്രിന്റ് ചെയ്തു. ഇത് കേരളമാകെ സ്ഥാപിക്കുകയും ചെയ്തു.
4- സിനിമ കണ്ട് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കാം എന്ന് പറഞ്ഞിട്ടുള്ളത് അതിന് വച്ച ഏക നിബന്ധന പേരില്‍ നിന്നും ഭാരതം ഒഴിവാക്കണം എന്നതാണ്. നല്ല കണ്ടന്റാണ് സിനിമ എന്നാണ് ബോര്‍ഡ് അറിയിച്ചത്.
5- സിനിമയുടെ ഉള്ളടക്കത്തില്‍ പ്രശ്‌നമില്ലാത്തിടത്തോളം പേരില്‍ എന്താണ് പ്രശ്‌നം എന്ന് ഞങ്ങള്‍ ചോദിച്ചിരുന്നു. ഭാരതം എന്ന പേര് ഉപയോഗിക്കരുത്, ഇതുമാത്രമായിരുന്നു തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി.
6- സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന് ഉപയോഗിക്കാം, ഇത് കേരളം എന്നോ തമിഴ്‌നാട് എന്നോ ആയാലും പ്രശ്‌നമില്ല, ഇന്ത്യന്‍ ആയിരുന്നെങ്കിലും ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല, ഭാരതം എന്ന വാക്കിന്റെ ഉടമസ്ഥാവകാശം ചിലര്‍ തങ്ങളുടേതാക്കുന്നു എന്നതാണ് പ്രശ്‌നം.
7- സെന്‍സര്‍ ബോര്‍ഡ് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണ്.
8- അടിച്ചു വെച്ച പോസ്റ്ററുകള്‍ മാറ്റി വേറെ അച്ചടിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത് ഈ ചിത്രത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും
9- സിനിമാ സമരം കാരണം ഒന്നാം തിയ്യതിയില്‍ നിന്നും എട്ടാം തിയ്യതിയിലേക്ക് മാറ്റിയ റിലീസ് ഇനിയും നീട്ടിവെക്കുക എന്നത് പ്രായോഗികമല്ല.
10- സിനിമക്ക് പഴയ പേര് തന്നെ വേണമെങ്കില്‍ നാഷണല്‍ റിവ്യു കമ്മിറ്റിക്ക് മുന്നില്‍ പോകാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്. അത് ഏകദേശം ഒന്നോ രണ്ടോ മാസം നീണ്ടു നില്‍ക്കുന്ന പ്രോസസ് ആണ്. അത് സിനിമയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.
അതിനാല്‍ ഞങ്ങള്‍ പ്രതിഷേധത്തോടെ തന്നെ ഈ സിനിമയുടെ പേര് മാറ്റുന്നു. ഇനി ഈ സിനിമ ‘ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം’ എന്ന് അറിയപ്പെടും.





