ന്യൂഡല്‍ഹി: സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. സുപ്രിം കോടതി അനുവദിച്ച സമയ പരിധി അവസാനിക്കാനിരിക്കെയാണ് വിവരങ്ങള്‍ കൈമാറിയത്. ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ ചൊവ്വ വൈകിട്ട് 5.30ന് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നായിരുന്നു സുപ്രിം കോടതി ഉത്തരവ്. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി നിഷ്‌കര്‍ഷിച്ച സമയപരിധിക്കുള്ളില്‍ വിശദാംശങ്ങള്‍ നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
|
എസ്ബിഐ കൈമാറുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 15നകം പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. നേരത്തെ ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എസ്ബിഐ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്.
എന്നാല്‍ തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയും ചൊവ്വാഴ്ച വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യനടപടി സ്വീകരിക്കുമെന്ന താക്കീത് നല്‍കുകയുമായിരുന്നു സുപ്രിംകോടതി ചെയ്തത്. ഇലക്ടറല്‍ ബോണ്ടിനെതിരായി സിപിഐഎം, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ എന്നിവരായിരുന്നു സുപ്രിം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കുകയുമാണ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





