21
Mar 2024
Thu
21 Mar 2024 Thu
qatar airways ramadan subsidy

ദോഹ: റമദാനില്‍ പ്രത്യേക സമ്മാനവും സബ്‌സിഡിയും വാഗ്ദാനം ചെയ്ത് ഖത്തര്‍ എയര്‍വേയ്‌സിന്റെ പേരില്‍ സന്ദേശം പ്രചരിക്കുന്നു. വാട്‌സാപ്പ് ഉള്‍പ്പെടെ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ഓഫര്‍ തട്ടിപ്പാണെന്നാണ് പരിശോധനയില്‍ വ്യക്തമാവുന്നത്. (Qatar Airways advt running a Ramadhan subsidy is a scam)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റമദാനില്‍ ഇളവുകളും സമ്മാനങ്ങളും ഓഫര്‍ ചെയ്ത് ഖത്തര്‍ എയര്‍വേയ്‌സ് ലോഗോയോട് കൂടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ചെയ്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിമാന കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പകരം വ്യാജ സൈറ്റിലേക്കാണ് പോകുന്നത്. qatarairways.com എന്നതാണ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. എന്നാല്‍, ലിങ്ക് നയിക്കുന്നത് bshv.buzz എന്ന വ്യാജ സൈറ്റിലേക്കാണ്.

കെണിയില്‍ കുടുങ്ങുന്നവര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോട് കൂടി ലഭിക്കുന്ന സൈറ്റില്‍ ആദ്യം ഏതാനും ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്യുന്നത്. ഒപ്പം വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് സമ്മാനം ലഭിക്കുന്നതിന് ഏതെങ്കിലും ഒരു ബോക്‌സ് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കും. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ വന്‍തുക ലഭിച്ചതായി അറിയിക്കും. എന്നാല്‍, സമ്മാനം ലഭിക്കണമെങ്കില്‍ ഈ ലിങ്ക് അഞ്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കോ 20 സുഹൃത്തുക്കളിലേക്കോ ഷെയര്‍ ചെയ്യണം. ഇങ്ങിനെ ഷെയര്‍ ചെയ്യുന്നതോട് കൂടി കൂടുതല്‍ പേരെ തട്ടിപ്പില്‍ കുടുക്കുകയാണ് ലക്ഷ്യം.

വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ച് വിവിധ തട്ടിപ്പുകള്‍ നടത്തുന്നവരാണ് ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് പിന്നില്‍. തങ്ങളുടെ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ കരുതി ഇരിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അജ്ഞാതരില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ ഔദ്യോഗിക സ്രോതസ്സില്‍ നിന്നുള്ളതാണോ എന്ന് പരിശോധിക്കണം. ഖത്തര്‍ എയര്‍വേയ്‌സ് ഉപഭോക്താക്കള്‍ക്കായി ലോട്ടറി നടത്തുന്നില്ലെന്നും കമ്പനി അറിയിച്ചു.