സൗദിയെ ഞെട്ടിക്കാന്‍ ലുലു ഗ്രൂപ്പ്; വരുന്നത് വന്‍ പദ്ധതികള്‍, വന്‍തോതില്‍ തൊഴില്‍ സാധ്യതയും
|
ജിദ്ദ: ഗള്‍ഫ് രാജ്യത്തെ വമ്പന്‍മാരായ സൗദി അറേബ്യയെ ഞെട്ടിക്കാനുള്ള തീരുമാനവുമായി ലുലുഗ്രൂപ്പ്. സൗദി അറേബ്യയില്‍ ലുലു റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. മക്കയില്‍ ഇന്നലെ നടന്ന പുതിയ പദ്ധതികളുടെ കരാര്‍ ഒപ്പിടല്‍ ചടങ്ങിനുശേഷം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മക്ക ജബല്‍ ഒമറിലെ സൂഖുല്‍ ഖലീല്‍3ല്‍ ആരംഭിക്കുന്ന സംരംഭം ജബല്‍ ഒമര്‍ ഡവലപ്‌മെന്റ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക.
മക്ക മസ്ജിദുല്‍ ഹറാമില്‍ നിന്ന് നടന്നെത്താവുന്ന അകലത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. ജബല്‍ ഉമറിലെ സൂഖുല്‍ ഖലീല്‍ 3 യിലാരംഭിക്കുന്ന സംരംഭം ജബല്‍ ഉമര്‍ ഡവലപ്‌മെന്റ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. ഏഴു ഘട്ടങ്ങളിലായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന ഇവിടെ നക്ഷത്രഹോട്ടലുകളും മികച്ച അപാര്‍ട്ടുമെന്റുകളും ജബല്‍ ഉമര്‍ കമ്പനി ഒരുക്കുന്നുണ്ട്.
മദീനയിലെ പുതിയ ലുലു സംരംഭത്തിന് അല്‍മനാഖ അര്‍ബന്‍ പ്രൊജക്ട് ഡവലപ്‌മെന്റ് കമ്പനിയാണ് നേതൃത്വം വഹിക്കുന്നത്. 23,260 ചതുരശ്ര അടി വിസ്തൃതിയിലാണ് നിര്‍മാണം. രണ്ട് പുണ്യനഗരങ്ങളില്‍ റീട്ടെയില്‍ പദ്ധതികള്‍ ആരംഭിക്കാനുള്ള ദീര്‍ഘകാലത്തെ ആഗ്രഹമാണ് സഫലമാവുന്നതെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഭരണകൂടത്തിനും തന്റെ അളവറ്റ സംതൃപ്തിയും കൃതജ്ഞതയും രേഖപ്പെടുത്തുകയാണെന്നും യൂസഫലി പറഞ്ഞു.
ജബല്‍ ഒമര്‍ ഡെവലപ്‌മെന്റ് കമ്പനി സി.ഇ.ഒ ഖാലിദ് അല്‍ അമൗദി, അല്‍ മനാഖ അര്‍ബന്‍ പ്രൊജക്ട് ഡവലപ്‌മെന്റ് കമ്പനി സി.ഇ.ഒ എന്‍ജി. വലീദ് അഹമ്മദ് അല്‍ അഹ്മദി, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് എന്നിവര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിര്‍ദിഷ്ട പദ്ധതികളുടെ സംയുക്ത കരാറില്‍ ഒപ്പ് വച്ചു. യൂസഫലിക്കു പുറമേ ലുലു ഗ്രൂപ്പ് ജിദ്ദ റീജ്യനല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദലി, മറ്റ് ലുലു സാരഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പുണ്യ നഗരികളില്‍ വരുന്ന പുതിയ രണ്ട് പദ്ധതികള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ലുലു മേധാവികള്‍ പ്രഖ്യാപിച്ചു. നിലവില്‍ സൗദിയിലെ വിവിധ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലായി 3,300 സൗദി പൗരന്‍മാര്‍ ജോലി ചെയ്തുവരുന്നു.
Retailer LULU GROUP to come up with Hypermarket projects in Makkah & Madinah


