02
May 2024
Sun
02 May 2024 Sun
Sonia Gandhi spends more than 70 percentage of MP fund for minorities says Amit Shah

റായ്ബറേലി: എം പി ഫണ്ടിന്റെ 70 ശതമാനവും സോണിയാ ഗാന്ധി ചെലവഴിച്ചത് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയാണെന്ന ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കുകയായിരുന്നു അമിത് ഷാ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജകുമാരന്‍(രാഹുല്‍ ഗാന്ധി)ഇവിടെ വന്ന് വോട്ട് അഭ്യര്‍ഥിക്കുകയുണ്ടായി. നിങ്ങള്‍ ഏറെനാളായി വോട്ട് ചെയ്തുകൊണ്ടിരിക്കുന്നു. എംപി ഫണ്ടില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ലഭിച്ചോ? നിങ്ങള്‍ക്കത് കിട്ടുന്നില്ലെങ്കില്‍ എവിടേക്കാണത് പോവുന്നത്്? അതവരുടെ വോട്ട് ബാങ്കിനാണ് പോയത്. എംപി ഫണ്ടിന്റെ 70 ശതമാനത്തിലേറെ സോണിയാ ഗാന്ധി ന്യൂനപക്ഷങ്ങള്‍ക്കായാണ് ചെലവഴിക്കുന്നതെന്നും റായ് ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥി ദിനേശ് പ്രതാപ് സിങ്ങിനു വേണ്ടി വോട്ടഭ്യര്‍ഥിക്കവെ അമിത് ഷാ ആരോപിച്ചു.

നുണ പറയുന്നതില്‍ ഗാന്ധി കുടുംബം വിദഗ്ധരാണ്. ഓരോ വനിതയ്ക്കും 1 ലക്ഷം രൂപ വീതമാണ് അവരിപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ സ്ത്രീകള്‍ക്കും 15000 രൂപ വീതം നല്‍കുമെന്നാണവര്‍ പറഞ്ഞത്. അവിടുത്തെ സ്ത്രീകള്‍ കോണ്‍ഗ്രസിന് അധികാരം നല്‍കിയപ്പോള്‍ 15000 രൂപ മറക്കുകയും 1500 രൂപ പോലും നല്‍കിയില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇത് കുടുംബസീറ്റാണെന്ന് എന്നോട് പലരും പറഞ്ഞു. അത് ശരിയാണ്. റായ്ബറേലി ഗാന്ധി, നെഹ്രു കുടുംബങ്ങളെ വര്‍ഷങ്ങളോളം ജയിപ്പിച്ചു. പക്ഷേ ഇവിടെ നിന്ന് ജയിച്ചിട്ട് സോണിയാജിയും അവരുടെ കുടുംബവും എത്ര തവണയാണ് റായ് ബറേലിയിലേക്ക് മടങ്ങിവന്നത്. സോണിയാജിയുടെ ആരോഗ്യം ശരിയല്ലെന്നതു പോട്ടെ, പക്ഷേ രാഹുലോ അല്ലെങ്കില്‍ പ്രിയങ്കയോ വന്നോയെന്നും അമിത് ഷാ ചോദിച്ചു. ദിനേശ് പ്രതാപ് സിങ്ങിനെ വിജയിപ്പിച്ചാല്‍ റായ്ബറേലിയെ തങ്ങള്‍ മോദിയുടെ വികസനയാത്രയുമായി ബന്ധിപ്പിക്കാമെന്നും അമിത് ഷാ പറഞ്ഞു.

താലിമാലയും ഭൂമിയും അടക്കമുള്ള ഹിന്ദുക്കളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ് അത് മുസ് ലിംകള്‍ക്കു നല്‍കുമെന്നും ഇതുണ്ടാവാതിരിക്കാന്‍ ബിജെപിയെ തുടര്‍ന്നും ജയിപ്പിക്കണമെന്ന് നരേന്ദ്രമോദി അടക്കമുള്ളവര്‍ പ്രചാരണം നടത്തുന്നതിനിടെ അമിത് ഷായുടെ പുതിയ ആരോപണം.

രണ്ടു പതിറ്റാണ്ടായി സോണിയാ ഗാന്ധി പ്രതിനിധീകരിച്ചു വന്നിരുന്ന റായ്ബറേലിയില്‍ ഇത്തവണ രാഹുല്‍ ഗാന്ധിയാണ് അമ്മയ്ക്കു പകരം മല്‍സരിക്കുന്നത്. വയനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ മല്‍സരിക്കുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക