01
May 2024
Mon
01 May 2024 Mon
groom brutally beaten bride in Calicut

കോഴിക്കോട്ട് വിവാഹത്തിനു പിന്നാലെ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് എയറോനോട്ടിക്കല്‍ എന്‍ജിനീയറായ വരന്‍. മകളെ കാണാന്‍ വരന്റെ വീട്ടിലെത്തിയപ്പോഴാണ് വധുവിന്റെ മാതാപിതാക്കള്‍ മര്‍ദ്ദനത്തെക്കുറിച്ചറിയുന്നത്. പറവൂര്‍ സ്വദേശിനിയും ടെക്‌നോപാര്‍ക്ക് ജീവനക്കാരിയുമായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃ വീടായ സ്‌നേഹതീരത്തില്‍ മര്‍ദനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം 5നാണ് സ്‌നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലുമായി യുവതിയുടെ വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വധുവിന്റെ വീട്ടുകാരടങ്ങുന്ന സംഘം വരന്റെ വീട്ടില്‍ വിരുന്നെത്തിയപ്പോഴാണ് വധുവിനെ മര്‍ദനമേറ്റ നിലയില്‍ കണ്ടത്. ആദ്യം കുളിമുറിയില്‍ വീണതാണെന്നാണ് പറഞ്ഞതെങ്കിലും സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം യുവതി വീട്ടുകാരോട് തുറന്നുപറഞ്ഞത്. ഉടന്‍തന്നെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വരന്റെ പേരില്‍ ഗാര്‍ഹികപീഡനത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.

മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും സംശയരോഗിയാണ് ഭര്‍ത്താവെന്നും അതിക്രമത്തിനിരയായ യുവതി പരാതിയില്‍ പറയുന്നു. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയും ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുകയുണ്ടായി. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് വിവാഹാലോചന വന്നതെന്നാണ് യുവതി പറയുന്നത്. ഒരിക്കല്‍ ആലോചന വന്ന് ചില കാരണങ്ങളാല്‍ മുടങ്ങിയിരുന്നു. പിന്നീട് യുവാവിന്റെ താല്‍പര്യപ്രകാരം വീണ്ടും ആലോചനയുമായി എത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

തനിക്കൊപ്പം ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്പരുകള്‍ വിവാഹശേഷം ഭര്‍ത്താവ് ഫോണില്‍ ബ്ലോക്ക് ചെയ്തു. ഇതിനുശേഷം ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മദ്യപിച്ചെത്തി ഇതേ കാരണം പറഞ്ഞ് തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി. ചെകിടത്തും ദേഹത്തുമെല്ലാം അടിച്ചു. തല പിടിച്ച് ഇടിച്ചു. ഇപ്പോള്‍ ഒരു ഭാഗം വീങ്ങിയിരിപ്പുണ്ട്. മുഖത്ത് അടിച്ചപ്പോള്‍ ബോധം പോവുകയും മൂക്കില്‍നിന്നും ചോര വരുകയും ചെയ്തു. ഇതിന് പിന്നാലെ ഭര്‍ത്താവും അന്നേരം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. തിരികെയെത്തിയതിന് പിന്നാലെ കുറേ ക്ഷമയൊക്കെ പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക