19
May 2024
Fri
19 May 2024 Fri
police detained 16-year-old boy for murder of BBA student passed off as suicide

ബംഗളുരുവില്‍ ബിബിഎ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് 16കാരന്‍ പിടിയിലായി. കഴിഞ്ഞയാഴ്ചയാണ് 20കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായതും ബാറുടമയുടെ മകനായ 16കാരന്‍ പിടിയിലാവുന്നതും.(police detained 16-year-old boy for murder of BBA student passed off as suicide)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാരന്റെ കണ്ണട കേടുവരുത്തിയത് നന്നാക്കുന്നതിനുള്ള പണം കണ്ടെത്താന്‍ 16കാരന്‍ വിദ്യാര്‍ഥിനിയുടെ പഴ്‌സില്‍ നിന്ന് 2000 രൂപ മോഷ്ടിച്ചിരുന്നു. പണം മോഷ്ടിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ഥിനി കൗമാരക്കാരനെ ചോദ്യം ചെയ്തു. ഇത് വഴക്കായി മാറുകയും കൈയാങ്കളിക്കിടെ വിദ്യാര്‍ഥിനിയെ കൗമാരക്കാരന്‍ തള്ളിയിടുകയും യുവതിയുടെ ബോധം നഷ്ടമാവുകയും ചെയ്തു.

യുവതി മരിച്ചുവെന്ന് കരുതി 16കാരന്‍ കൂട്ടുകാരനെ വിളിച്ചുവരുത്തി. ഇരുവരും ചേര്‍ന്ന് യുവതിയുടെ കൈയിലെ ഞരമ്പും കഴുത്തും മുറിക്കുകയും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. സോറി അമ്മാ എന്നെഴുതിയ ആത്മഹത്യാകുറിപ്പും പ്രതികള്‍ തയ്യാറാക്കി വച്ചു. എന്നാല്‍ ആത്മഹത്യാകുറിപ്പിലെ കൈപ്പട മകളുടേതല്ലെന്ന് അമ്മ മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഒട്ടേറെ അസ്വാഭാവികതകള്‍ കണ്ടെത്തിയിരുന്നു. യുവതിയുടെ മുറിവുകളില്‍ നിന്ന് തങ്ങളുടെ ദേഹത്തുപുരണ്ട രക്തം ഇരുവരും കുളിമുറിയില്‍ കയറി കഴുകിക്കളയാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീട്ടിലെ ടാങ്കിലുണ്ടായിരുന്ന വെള്ളം മുഴുവന്‍ തീര്‍ന്നു. വീട് അകത്തുനിന്ന് പൂട്ടിയാണ് പ്രതികള്‍ പിന്‍വാതില്‍ വഴി രക്ഷപ്പെട്ടത്. യുവതിയുടെ മൊബൈല്‍ ഫോണും പ്രതി കൊണ്ടുപോയിരുന്നു.

പുറത്തുപോയിരുന്ന യുവതിയുടെ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയതായി കണ്ടു. വിളിച്ചിട്ട് പ്രതികരണം ലഭിച്ചിരുന്നില്ല. ഇതിനു ശേഷം അമ്മ എത്തുകയും ഇവര്‍ അയല്‍വാസികളുടെ സഹായത്തോടെ കതക് പൊളിച്ച് അകത്തുകയറിപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ മകളെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മകളെ കൊലപ്പെടുത്തിയതാണെന്ന സംശയം അമ്മ ആദ്യം മുതലേ പോലീസിനോടു പങ്കുവച്ചിരുന്നു. അന്വേഷണ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് 16കാരന്‍ വീട്ടിലേക്ക് പോവുന്നതും കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക