17
Jul 2024
Wed
17 Jul 2024 Wed

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് വ്യാപാരം തുടങ്ങിയത് നേട്ടത്തോടെ. ബോംബെ സൂചിക സെന്‍സെക്‌സ് (BSE) 80,000 പോയിന്റ് പിന്നിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായ 80,039 പോയിന്റിലാണ് സെന്‍സെക്‌സിന്റെ വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 2.51 ശതമാനം നേട്ടത്തോടെ 1774.05 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ സൂചികയായ നിഫ്റ്റി 169 പോയിന്റ് ഉയര്‍ന്ന് 24,292 പോയിന്റിലെത്തി. നിഫ്റ്റിയിലും മികച്ച നേട്ടമാണ് ഇന്ന് ഉണ്ടായത്. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഇന്‍ഡക്‌സുകളും ഇന്ന് നേട്ടമുണ്ടാക്കി. സെക്ടറുകളില്‍ ഐ.ടി ഒഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ്.ഏഷ്യപസഫിക് മാര്‍ക്കറ്റുകളിലും നേട്ടം ദൃശ്യമാണ്.

ആഗോള വിപണിയിലെ അനുകൂല സാഹചര്യമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ വിപണിയും ഏഷ്യന്‍ വിപണിയും നേട്ടം ഉണ്ടാക്കിയത് ഇന്ത്യന്‍ വിപണിയെയും സ്വാധീനിക്കുകയായിരുന്നു. യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് അറിയിച്ചതോടെയാണ് ഏഷ്യ- പസഫിക് വിപണികളില്‍ നേട്ടമുണ്ടായത്. ഇന്ത്യയിലേയും ചൈനയിലേയും ബിസിനസ് ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്ന് പുറത്ത് വരുന്നുണ്ട്. ഇതും വിപണിയെ സ്വാധീനിക്കും.

ഇന്നലെ സെന്‍സെക്‌സ് 35 പോയിന്റും നിഫ്റ്റി 18 പോയിന്റും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

Sensex Crosses 80,000 For First Time, Nifty At Lifetime High