20
Jul 2024
Fri
20 Jul 2024 Fri

മഴക്കാല രോഗങ്ങള്‍: അറിഞ്ഞിരിക്കാം പ്രതിരോധ മാര്‍ഗങ്ങള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജാഗ്രത അനിവാര്യമാണ്. ജലദോഷം , പനി, ജലജന്യ രോഗങ്ങള്‍ ,കൊതുക് ജന്യ രോഗങ്ങള്‍ തുടങ്ങിയവ മഴക്കാല രോഗങ്ങളില്‍ ഉള്‍പ്പെടുന്നു. രോഗബാധിതനായ ഒരാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ വായുവില്‍ എത്തുന്ന കണങ്ങളിലൂടെ പകരുന്നതാണ് എച്ച് വണ്‍ എന്‍ വണ്‍, കോവിഡ് എന്നിവ .ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥയില്‍ വൈറസ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും പകരുകയും ചെയ്യും.

വയറിളക്ക രോഗങ്ങള്‍, കോളറ, മഞ്ഞപ്പിത്തം ടൈഫോയിഡ് എന്നിവ ജലജന്യ രോഗങ്ങളാണ്. ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ ഗുനിയ, സിക എന്നിവ കൊതുക് ജന്യ രോഗങ്ങള്‍ ആണ്. മഴക്കാലത്ത് ഉണ്ടാകുന്ന പ്രധാന കൊതുകജന്യ രോഗമാണ് ഡെങ്കിപ്പനി .വീടിനുള്ളിലും വീടിന്റെ പരിസരത്തുമുള്ള ചെറിയ അളവ് വെള്ളത്തില്‍ പോലും മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്.ജന്തുജന്യ രോഗങ്ങളായ എലിപ്പനി, ചെള്ളു പനി എന്നിവ മഴക്കാലത്ത് മലിനജലത്തില്‍ കൂടിയും , ജന്തുക്കളില്‍ നിന്നും പകരാം. എലി,അണ്ണാന്‍, നായ, പൂച്ച എന്നിവയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കലര്‍ന്ന മലിനമായ ജലവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് എലിപ്പനി രോഗാണുബാധ ഉണ്ടാവുന്നത്.

*പ്രതിരോധ മാര്‍ഗങ്ങള്‍.*

*കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലസ്രോതസ്സുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ നടത്തുക.
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
*പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
*ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം വിളമ്പുന്നതിനും കഴിക്കുന്നതിനും മുന്‍പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
*തുറന്നു വച്ചിരിക്കുന്നതോ പഴകിയതോ ആയ ഭക്ഷണസാധനങ്ങള്‍ കഴിക്കരുത്.
*വീടിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തിയുള്ള ഇടങ്ങളില്‍ നിന്ന് മാത്രം കഴിക്കുക.
*വീടിന്റെ പരിസരത്തും പൊതുസ്ഥലങ്ങളിലും ചപ്പുചവറുകള്‍ കുന്നു കൂടാതെ ശ്രദ്ധിക്കുക.
*മലമൂത്രവിസര്‍ജ്ജനം ശൗചാലയത്തില്‍ മാത്രം നടത്തുക.
*മലമൂത്രവിസര്‍ജ്ജനത്തിനു ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
*വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം ,ജലശുചിത്വം എന്നിവ പാലിക്കുക എന്നത് രോഗങ്ങളുടെ പ്രതിരോധത്തിന് അനിവാര്യമാണ്.
*ചെടിച്ചട്ടിയുടെ അടിയിലെ ട്രേ, ഫ്രിഡ്ജിന്റെ പിറകുവശത്തെ ട്രേ ,
എസി മെഷീന്റെ അടിയിലെ ട്രേ വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ ഇവയൊക്കെ വീടിനുള്ളില്‍ ഈഡിസ് കൊതുക് മുട്ടയിട്ട് വളരുന്ന ഇടങ്ങളാണ്. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ കളയണം.
*വീടിനു പുറത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ട ,കളിപ്പാട്ടങ്ങള്‍ ,പാത്രങ്ങള്‍ ,കുപ്പികള്‍ ഉപേക്ഷിച്ച ടൈയറുകള്‍ മൂടിയില്ലാത്ത ടാങ്കുകള്‍ ,ടാര്‍പോളിന്‍ ഷീറ്റുകള്‍, ഓവുകള്‍ അടഞ്ഞിട്ടുള്ള ടെറസ് ,സണ്‍ഷൈഡ് എന്നിവിടങ്ങളില്‍ മഴയുള്ളപ്പോള്‍ വെള്ളം കെട്ടി നില്‍ക്കുകയും കൊതുക് മുട്ടയിട്ട് വളരുകയും ചെയ്യും
*വെള്ളം ശേഖരിക്കുന്ന എല്ലാ ടാങ്കുകള്‍ക്കും കൊതുക് കടക്കാത്തവിധം ഉള്ള മൂടിയുണ്ടെന്ന് ഉറപ്പാക്കുക.
*ആള്‍താമസം ഇല്ലാത്ത വീട്, കാട് മൂടിക്കിടക്കുന്ന പറമ്പ് എന്നിവിടങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തണം.
*റബര്‍ കമുക് പൈനാപ്പിള്‍ പ്ലാന്റേഷനുകള്‍ എന്നിവ കൊതുകിന്റെ പ്രധാന ഉറവിടങ്ങളാണ്. റബര്‍ പാല്‍ ശേഖരിക്കാത്ത സമയത്ത് പാല്‍ ശേഖരിക്കുന്ന ചിരട്ട, കപ്പ് എന്നിവ കമഴ്ത്തി വയ്ക്കുകയോ റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കുകയോ വേണം.
*തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുകയോ, കൊതുക് കടിയേല്‍ക്കാത്ത വിധം ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയോ വേണം
*കൊതുകിനെ അകറ്റുന്ന ലേഖനങ്ങള്‍ പുരട്ടുക
*ശരീരം മുഴുവനും മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
*വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും കൊതുകു വല ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.
*വാതിലുകളിലും ജനലുകളിലും. കൊതുക് വല ഘടിപ്പിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കുക.
*എലിപ്പനിക്കെതിരെ ഡോക്‌സിസൈക്ലിന്‍ പ്രതിരോധ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.
*ഡോക്‌സിസൈക്ലിന്‍ പ്രതിരോധ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്

Monsoon Diseases: May Know Preventive Measures