11
Aug 2024
Wed
11 Aug 2024 Wed
Saudi native died

റിയാദ്: അഞ്ചുവര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഉറക്കില്‍ മരിച്ചു.(Tirur native died in Riyadh while sleeping)  പിറ്റേന്ന് നാട്ടിലേക്ക് പോകാന്‍ പെട്ടികെട്ടി വെച്ച് ഉറങ്ങാന്‍ കിടന്ന യുവാവ് പിന്നെ എഴുന്നേറ്റില്ല. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം തിരൂര്‍ കല്ലിങ്ങല്‍ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് ഏവരെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാത്രി 11.55ന് റിയാദില്‍ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ ഏഴിന് കോഴിക്കോട്ടെത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലാണ് പോകേണ്ടിയിരുന്നത്. യാത്രക്കുള്ള ഒരുക്കമെല്ലാം പൂര്‍ത്തിയാക്കിയിരുന്നു.

മക്കള്‍ക്കുള്ള ചോക്ലേറ്റും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള സമ്മാനങ്ങളുമെല്ലാം വാങ്ങി പെട്ടി കെട്ടിവെച്ച് ഉറങ്ങാന്‍ കിടന്നതാണ്. പിറ്റേന്ന് രാവിലെ ഏറെ വൈകിയിട്ടും വിവരങ്ങളൊന്നും ഇല്ലാഞ്ഞതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റൂമിലെത്തി വിളിച്ചുനോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടനെ സ്പോണ്‍സറെ അറിയിക്കുകയും അദ്ദേഹമെത്തി പൊലീസിനെ അറിയിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

തലേദിവസം സുഹൃത്തുക്കളുമായി ഒരു പാട് തമാശ പറഞ്ഞിരുന്നു. നീണ്ട ഇടവേളക്ക് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ ആഹ്ലാദം പങ്കിട്ടാണ് പിരിഞ്ഞത്. അഞ്ചുവര്‍ഷത്തിന് ശേഷമുള്ള യാത്ര വീട്ടുകാരെ അറിയിക്കാതെ ചെന്ന് സര്‍പ്രൈസ് നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു റഫീഖെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മുംതാസാണ് ഭാര്യ, മക്കള്‍: റിഷ, സഹ്റാന്‍, ദര്‍വീഷ് ഖാന്‍.

റിയാദ് ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ 12.40 ന് പുറപ്പെടുന്ന ഫ്‌ലൈനാസ് വിമാനത്തില്‍ കൊണ്ടുപോകും. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പൊതുപ്രവര്‍ത്തകന്‍ സിദ്ധിഖ് തുവ്വൂര്‍, സുഹൃത്ത് മുബാറക് പുളിക്കല്‍, മലപ്പുറം ജില്ല കൂട്ടായ്മയുടെ ഭാരവാഹികള്‍ എന്നിവര്‍ രംഗത്തുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക