|
മലപ്പുറം: പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ അസാധാരണ സമരമുറയുമായി ഭരണകക്ഷിയില്‍പ്പെട്ട പി.വി അന്‍വര്‍ എം.എല്‍.എ. മലപ്പുറം എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ സമരം. എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പരാതി കിട്ടിയിട്ടും നടപടി എടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടി സ്വീകരിക്കുക, പൊലീസ് സ്റ്റേഷന് നിര്‍മിക്കുന്നില്ലെങ്കില്‍ എടക്കര പൊലീസ് സ്റ്റേഷന് നാലു വര്‍ഷം മുമ്പ് ജനങ്ങള്‍ ദാനമായി നല്കി 50 സെന്റ് സ്ഥലം ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കുക, ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അന്‍വര്‍ സമരമിരിക്കുന്നതിന് സമീപം സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ ആവശ്യപ്പെടുന്നത്.
അരലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് തന്നെ കൊടുത്ത പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. അതു നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.
അതീവ രഹസ്യമായ പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി പ്രക്ഷേപണം ചെയ്ത മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന് സ്കറിയയില്‍ നിന്നും രണ്ടുകോടി കൈക്കൂലി വാങ്ങി പ്രതിയെ രക്ഷിച്ച എഡിജിപി എം.ആര് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടുന്നു.
എസ്പിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെത്തി അന്‍വര്‍ എംഎല്‍എയെ ഇന്നലെയാണ് പൊലീസ് തടഞ്ഞത്. പാറാവ് ഡ്യൂട്ടിയില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥന് എംഎല്‍എയെ വസതിയിലേക്ക് കടത്തിവിട്ടില്ല. ആരോടും അനുമതി ചോദിക്കേണ്ട കാര്യം തനിക്കില്ലെന്നും വെട്ടിയ മരത്തിന്റെ കുറ്റി കാണാനാണ് താന്‍ വന്നത് എന്നുമായിരുന്നു അന്‍വറിന്റെ വാദം. നേരത്തെ മലപ്പുറത്ത് പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ പി വി അന്‍വര്‍ മലപ്പുറം എസ്.പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് വിവാദമായിരുന്നു.
ലൈഫ് പദ്ധതി അട്ടിമറിച്ചു, വാര്‍ത്ത ചോര്‍ത്തി, മരം മുറിച്ചു എന്നിങ്ങനെ വിവിധ വിഷയങ്ങളിലായാണ് പ്രതിഷേധമെന്ന് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. ഇന്നലെ മരം മുറിച്ചിട്ടുണ്ടോയെന്ന് നോക്കാനാണ് എത്തിയത്. എന്നാല്‍, അതിന് അനുവദിച്ചില്ല. അപ്പോള്‍ ഇങ്ങനെ സമരം നടത്താതെ വെറെ വഴിയില്ലെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
PV Anwar MLA protesting in front of Malappuram SP’s residence
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





