06
Sep 2024
Wed
06 Sep 2024 Wed
Assistant director surrendered in court over sexual abuse case

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായ ‘ബ്രോ ഡാഡി’യുടെ സെറ്റില്‍വച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് കോടതിയില്‍ കീഴടങ്ങി. ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയിലാണ് മന്‍സൂര്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയത്. തുടര്‍ന്നിയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മന്‍സൂര്‍ റഷീദ് ഉള്ളത്. മന്‍സൂറിന്റെ ജാമ്യാപേക്ഷ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മന്‍സൂര്‍ റഷീദ് ഒളിവില്‍ പോയിരുന്നു. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തന്നെ ബോധം കെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.
കൂടാതെ ബ്രോ ഡാഡി സെറ്റില്‍വെച്ച് തനിക്ക് മോശം അനുഭവം ഉണ്ടായത് അറിഞ്ഞിട്ടും അണിയറ പ്രവര്‍ത്തകര്‍ മന്‍സൂറിനെ എമ്പുരാന്റെ ഭാഗമാക്കി എന്നും യുവതി ആരോപിച്ചിരുന്നു.

അതേസമയം ബ്രോ ഡാഡിയുടെ സെറ്റില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി അറിഞ്ഞതോടെ എമ്പുരാന്‍ സെറ്റില്‍ നിന്ന് മന്‍സൂര്‍ റഷീദിനെ പറഞ്ഞുവിട്ടുവെന്ന് പൃഥ്വിരാജ് മുമ്പ് പ്രതികരിച്ചിരുന്നു. ഹേമ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെയായിരുന്നു മന്‍സൂര്‍ റഷീദിനെതിരായ യുവതിയുടെ ആരോപണവും പുറത്തുവന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക