adani vs hindenburg : അദാനിക്കെതിരെ വീണ്ടും ഹിന്‍ഡന്‍ബെര്‍ഗ്: സ്വിസ് ബാങ്ക് അദാനിയുടെ 31 കോടി ഡോളര്‍ മരവിപ്പിച്ചു
|
ന്യൂഡല്‍ഹി: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വ്യത്യസ്ത സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 31 കോടി യു.എസ് ഡോളര്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണത്തിന്മേല്‍ നടക്കുന്ന അന്വേഷണത്തിലാണ് ഇത്രയും വലിയ തുക മരവിപ്പിച്ചതെന്ന് യു.എസ് ആസ്ഥാനമായ സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കന്നത്.
ഗോതം സിറ്റി എന്ന സ്വിസ് മാധ്യമത്തെ ഉദ്ധരിച്ച് ഹിന്‍ഡന്‍ബെര്‍ഗ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം, സ്വിസ് ഫെഡറല്‍ ക്രിമിനല്‍ കോടതിയില്‍ നിന്നുള്ള ഉത്തരവിനെ തുടര്‍ന്ന് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് മുമ്പ് തന്നെ അദാനി ഗ്രൂപ്പിനെതിരെയുള്ള അന്വേഷണം ജനീവ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചിരുന്നു.
ഇപ്പോള്‍ മരവിപ്പിച്ച 31 കോടി ഡോളര്‍ അദാനിക്കുവേണ്ടി മറ്റൊരു വ്യക്തി 6 സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച പണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളില്‍ സജീവ ചേര്‍ച്ചയായതോടെ അന്വേഷണത്തിന്റെ ചുമതല സ്വിറ്റ്‌സര്‍ലാന്‍ഡ് അറ്റോര്‍ണി ജനറലിന്റെ ഓഫിസ് ഏറ്റെടുത്തിട്ടുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. സ്വിസ് കോടതി നടപടികളില്‍ അദാനി ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ല. ഉത്തരവുകളില്‍ സ്വിസ് കോടതി തങ്ങളുടെ ഗ്രൂപ്പ് കമ്പനികളെ പരാമര്‍ശിക്കുകയോ, അത്തരം ഏതെങ്കിലും അതോറിറ്റിയില്‍ നിന്നോ, റെഗുലേറ്ററി ബോഡിയില്‍ നിന്നോ തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടുമില്ലെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് മൗറീഷ്യസും ബര്‍മുഡയും കേന്ദ്രീകരിച്ച് കടലാസ് കമ്പനികള്‍ വഴി ഓഹരി പെരുപ്പിച്ച് കാണിക്കാന്‍ ശ്രമിച്ചതായി ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. അദാനിയുമായി ബന്ധപ്പെട്ട കേസ് ഇന്ത്യയില്‍ അന്വേഷിക്കുന്ന സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(SEBI) മേധാവി മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും അദാനിയുടെ നിഴല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നു ഈ വര്‍ഷവും ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച വിവാദം കത്തിനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവന്നത്.
Swiss authorities freeze 310 million usd related to Adani Hindenburg Research





