17കാരിയായ മകളെ കൊല്ലാന്‍ വാടകകൊലയാളിയെ നിയോഗിച്ച അമ്മയ്ക്ക് നഷ്ടമായത് സ്വന്തം ജീവന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇറ്റ ജില്ലയിലെ അല്‍ക(42)യാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ആറിന് അല്‍കയെ പാടത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുസംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലയാളിയെ പിടികൂടിയതും കൂടുതല്‍ വിവരങ്ങള്‍ പുറത്താവുന്നതും. ഇതോടെ പോലീസ് അല്‍കയുടെ മകളെയും അറസ്റ്റ് ചെയ്തു.
|
നേരത്തേ അല്‍കയുടെ മകളെ രണ്ടുപേര്‍ ചേര്‍ന്ന് വശീകരിച്ചു തട്ടിക്കൊണ്ടുപോയിരുന്നു. പരാതിയില്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും മകളെ കുടുംബത്തിനു വിട്ടുനല്‍കുകയും ചെയ്തു. ഇതിനു ശേഷം മകളെ അല്‍ക തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്താക്കി. ഇവിടെ വച്ചാണ് പെണ്‍കുട്ടി സുഭാഷുമായി അടുപ്പത്തിലാവുന്നത്. 38കാരനായ സുഭാഷ് അടുത്തിടെയാണ് ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍ നിന്നിറങ്ങിയത്.
മകള്‍ക്ക് ആരുമായോ പ്രണയബന്ധമുണ്ടെന്നറിഞ്ഞ അല്‍ക ഇതവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മകള്‍ വഴങ്ങാതെ വന്നതോടെയാണ് അല്‍ക സുഭാഷിന്് ക്വട്ടേഷന്‍ നല്‍കിയത്. സുഭാഷ് ആണ് തന്റെ മകളുടെ കാമുകനെന്നറിയാതെയായിരുന്നു അമ്മ ക്വട്ടേഷന്‍ നല്‍കിയത്. അമ്പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുത്ത സുഭാഷ് വിവരം കാമുകിയെ അറിയിക്കുകയായിരുന്നു. ഇതോടെ അമ്മയെ കൊന്നാല്‍ താന്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് മകള്‍ സുഭാഷിന് വാക്കു നല്‍കി.
ഇതിനു പിന്നാലെ സുഭാഷും കാമുകിയും ചേര്‍ന്ന് വ്യാജമായി കൊലപാതകം ചിത്രീകരിക്കുകയും ഫോട്ടോയെടുത്ത് അല്‍ക്കയ്ക്ക് അയച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ പണം നല്‍കാന്‍ അല്‍ക തയ്യാറായില്ല. ഇതോടെ സുഭാഷ് അല്‍കയെ ആഗ്രയിലേക്ക് വിളിച്ചുവരുത്തി. ഇവിടെ എത്തിയപ്പോളും മകളും സുഭാഷിനൊപ്പം വരികയും കൊലപാതകം നടത്തിയിട്ടില്ലെന്ന് അല്‍കയെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഇവിടെ നിന്ന് അല്‍ക്കയെ സുഭാഷും അല്‍ക്കയുടെ മകളും ചേര്‍ന്ന് ആളൊഴിഞ്ഞ ഇടത്തേക്കു കൊണ്ടുപോവുകയും കഴുത്തുഞെരിച്ചുകൊല്ലുകയുമായിരുന്നു. മൃതദേഹം പാടത്തു തള്ളിയ ശേഷം ഇരുവരും രക്ഷപ്പെടുകയും ചെയ്തു. അല്‍ക്ക മടങ്ങിവരാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് രമാകാന്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





