സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ കാറിടിച്ചു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ് കയറ്റിക്കൊണ്ടുപോയ കാര്‍ യാത്രികര്‍ കുട്ടിയെ വഴിയിലിറക്കിവിട്ട് കടന്നുകളഞ്ഞു. കോട്ടയം മണിമലയില്‍ വെള്ളി വൈകീട്ട് നാലോടെയാണ് സംഭവം. മണിമല സെന്റ് ജോര്‍ജസ് ഹൈസ്‌കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥി കടയനിക്കാട് സ്വദേശി ജോയലിനാണ് (12) പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥി ബസ്സില്‍ കയറി വീട്ടിലെത്തുകയായിരുന്നു.
|
വിദ്യാര്‍ഥിയെ വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോയലിന്റെ തലയ്ക്കും കൈക്കും കാലിനും മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നടുവിന് ചതവുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് പോകുമ്പോഴാണ് അപകടം.
സ്‌കൂളിനു മുന്നിലുള്ള സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു കറുകച്ചാല്‍ ഭാഗത്തുനിന്നെത്തിയ കാര്‍ കുട്ടിയെ ഇടിച്ചു വീഴ്ത്തിയത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാമെന്നു കാര്‍ യാത്രികര്‍ അറിയിച്ചു. കുട്ടിയെ കയറ്റി കുറച്ചു ദുരം പോയതിനു ശേഷം മണിമല ബസ് സ്റ്റാന്‍ഡിന് സമീപം വഴിയില്‍ ഇറക്കിവിട്ട കാര്‍ യാത്രികര്‍ കടന്നുകളയുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





