പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അര്‍ദ്ധരാത്രി പൊലീസ് പരിശോധന. (Accused of having black money; Palakkad midnight search of Congress leaders’ rooms) പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന. അതേ സമയം, പതിവ് പരിശോധന മാത്രമാണെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി.
|
വികെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയ നേതാക്കള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി പൊലീസ് പരിശോധന നടത്തിയത്.
പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഒരുഘട്ടത്തില്‍ ഹോട്ടലില്‍ തടിച്ച് കൂടിയ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയത്.
ALSO READ: ഇറങ്ങുംമുമ്പ് മുന്നോട്ടുനീങ്ങിയ ബസ്സിനടിയില്‍പെട്ട് വീട്ടമ്മയുടെ കാലുകളറ്റുപോയി
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എന്നിവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ റൂമില്‍ പോലിസ് ഇരച്ചു കയറിയെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു.
മുറിയില്‍ പെട്ടികള്‍ മുഴുവന്‍ തുറന്നു പരിശോധിച്ചതായും അടിവസ്ത്രം ഉള്‍പ്പെടെ വാരിവലിച്ചിട്ടതായും ഷാനി മോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും പറഞ്ഞു. കിടക്കയും മറ്റും മറിച്ചിട്ട് പരിശോധന നടത്തിയെന്നും ഇരുവരും ആരോപിച്ചു.
ആദ്യ ഘട്ടത്തില്‍ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാല്‍, പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി.
തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കള്ളപ്പണമൊഴുക്കുന്നു എന്നാരോപിക്കപ്പെട്ട ബിജെപിക്കാരുടെ മുറിയില്‍ പോലും കയറാത്ത പൊലീസ് നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താമസിക്കുന്ന മുറികളില്‍ ഇരച്ചുകയറി എന്നും അവര്‍ ആരോപിക്കുന്നു. പരിശോധനയില്‍ പക്ഷെ ഒന്നും കണ്ടെത്താനായില്ല.
ഇതിനിടെ പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു.
റൂം നമ്പര്‍ 1005 പരിശോധിക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീകള്‍ താമസിക്കുന്ന മുറി തുറക്കാന്‍ ആകില്ലെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പവേശിച്ച് പൊലീസ് പരിശോധന നടത്തി.
എന്നാല്‍, മുറിയില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് അറിഞ്ഞ ശേഷം ഒരു വനിതാ പൊലീസ് പ്രതിനിധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും ചെയ്തു. ശേഷം ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികളുടെ പരിശോധനയും ഉണ്ടായി.
ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുമായി രൂക്ഷമായ വാക്ക്തര്‍ക്കമാണ് ഉണ്ടായത്. ശേഷം ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് തന്നെ എഴുതിക്കൊടുത്തു.
പോലീസ് പരിശോധനയ്ക്കിടെ പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ സംഘര്‍ഷാസമാനമായ സാഹചര്യമായിരുന്നു പാലക്കാട് ഉടലെടുത്തത്.
ഹോട്ടലില്‍ പണമിടപാട് നടക്കുന്നു എന്നാരോപിച്ചാണ് പോലീസ് പരിശോധന നടത്തിയതെന്ന് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





