17
Nov 2024
Wed
17 Nov 2024 Wed
Russia Plans To Boost Birth Rate With Ministry Of Sex

മോസ്‌കോ: രാജ്യത്തെ ജനന നിരക്കിലുണ്ടായ ഇടിവ് പരിഹരിക്കാനുള്ള വന്‍ പദ്ധതികളുമായി റഷ്യയിലെ വഌദിമിര്‍ പുടിന്‍ ഭരണകൂടം. ഉക്രൈന്‍ അധിനിവേശത്തിന് ശേഷം റഷ്യയില്‍ ജനസംഖ്യാ നിരക്ക് വന്‍ തോതില്‍ കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളെ പ്രത്യുല്‍പ്പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ വിശ്വസ്തയും റഷ്യന്‍ പാര്‍ലമെന്റിലെ കുടുംബ സംരക്ഷണം, പിതൃത്വം, മാതൃത്വം, കുട്ടികളുടെ ജീവിതം എന്നീ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണുമായ നിന ഒസ്താനിന ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന ആശയത്തെക്കുറിച്ചുള്ള ശുപാര്‍ശകള്‍ പരിഗണിച്ചുതുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ ആകര്‍ഷകമായ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ജനനനിരക്ക് ഉയര്‍ത്താനായി പലനിര്‍ദേശങ്ങളും അധികൃതര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്.

അവയില്‍ ചില നിര്‍ദേശങ്ങളും ഇവയാണ്:

1. രാത്രി പത്തിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ ലൈറ്റുകളും ഇന്റര്‍നെറ്റും ഓഫ് ചെയ്ത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പവും സ്വകാര്യനിമിഷങ്ങള്‍ പങ്കുവെക്കാനുള്ള സാഹചര്യവും ഉണ്ടാക്കുക.

2. മക്കളുള്ള വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുക. ഇത് പെന്‍ഷനിലും ഉള്‍പ്പെടുത്തും.

3. ആദ്യത്തെ ഡേറ്റിങ്ങിന് 5000 റൂബിള്‍ വരെ സര്‍ക്കാര്‍ സാമ്പത്തികസഹായം.

4. വിവാഹദിനം ഹോട്ടലില്‍ ചെലവഴിക്കാന്‍ ദമ്പതിമാര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതും പരിഗണനയിലുണ്ട്.

5. വിവാഹദിവസം രാത്രി ഹോട്ടലില്‍ താമസിക്കുന്നതിന് 26,300 റൂബിള്‍ വരെ സാമ്പത്തിക സഹായം നല്‍കുന്നതാണ് പരിഗണിക്കുന്നത്. ഇതിലൂടെ ഗര്‍ഭധാരണം പ്രോത്സാഹിപ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഗ്ലാവ് പി.ആര്‍ ഏജന്‍സി നടത്തിയ സര്‍വേയിലാണ് ജനസംഖ്യാ വര്‍ധനവിന്റെ ചുമതല ലൈംഗിക മന്ത്രാലയത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

പുതിയ പദ്ധതിയുടെ ഭാഗമായി റഷ്യന്‍ നഗരമായ ഖബറോവ്‌സ്‌കില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കുന്ന 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്ക് 900 പൗണ്ട് (97,311 രൂപ) ലഭിക്കും. മറ്റൊരു നഗരമായ ചെല്‍യാബിന്‍സ്‌കില്‍ ആദ്യ പ്രസവത്തിന് 8,500 പൗണ്‍് (9,19,052 രൂപ) നല്‍കും.

ഓഫിസുകളിലും വ്യവസായ സ്ഥാപനങ്ങളിലും ജോലിക്കിടെയുള്ള ഇടവേളകളില്‍ പൗരന്മാര്‍ക്ക് സന്താനോല്‍പാദന പ്രക്രിയയില്‍ ഏര്‍പ്പെടാവുന്നതാണെന്ന് പ്രിമോര്‍സ്‌കി മേഖലാ ആരോഗ്യമന്ത്രി ഡോ. യെവഗ്‌നി ഷെസ്‌റ്റോപലോവ് അറിയിച്ചു. മോസ്‌കോയിലെ സ്ത്രീകള്‍ക്ക് സൗജന്യ വന്ധ്യതാ പരിശോധനകളും നടത്തുന്നുണ്ട്. 20,000 പേരാണ് ഇതിനകം ഇതില്‍ പങ്കാളികളായത്.

25 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ജനന നിരക്കിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം ജനസംഖ്യയില്‍ 0.34 ശതമാനത്തിന്റെ കുറവാണുണ്ടായത്. 14.39 കോടിയാണ് നിലവിലെ ജനസംഖ്യ. ലോകത്ത് ജനനനിരക്ക് ഏറ്റവും കുറഞ്ഞ 40 രാജ്യങ്ങളില്‍ മുന്നിലുള്ളത് റഷ്യയാണ്. ജര്‍മനി, ചൈന, യു.എസ് എന്നിവയാണ് പിന്നിലുള്ളത്.

Russia Plans To Boost Birth Rate With Ministry Of Sex