03
Dec 2024
Sun
03 Dec 2024 Sun
police arrested man who sexually assaulted student in train

തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസില്‍ കോട്ടയം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിക്കു ലൈംഗികാതിക്രമശ്രമം നടത്തി രക്ഷപ്പെടാനായി ട്രെയിനില്‍ നിന്ന് ചാടി കാലൊടിഞ്ഞ പ്രതിയെ പോലീസ് പിടികൂടി. കണ്ണൂര്‍ മൊകേരി മുതിയങ്ങ കുടുവന്‍പറമ്പത്ത് ധര്‍മരാജന്‍ (53)ആണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിരിക്കെയാണ് ഇയാളെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്‌സ്പ്രസിന്റെ (16604) ജനറല്‍ കോച്ചില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പ്രതിയുടെ പ്രവൃത്തിയെ വിദ്യാര്‍ഥിനി ചോദ്യം ചെയ്തതോടെ തര്‍ക്കമായി. ഇതിനിടെ ഇയാള്‍ അപായച്ചങ്ങല വലിച്ച് ട്രെയിനില്‍നിന്ന് ചാടി. തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍  എടക്കാടിന് സമീപം ട്രെയിനെത്തിയപ്പോഴായിരുന്നു ഇയാള്‍ ചാടിയത്. തുടര്‍ന്ന് അവിടെനിന്ന് കാറില്‍ കതിരൂരിലെത്തിയ ഇയാള്‍ വടകരയിലൊരു ആശുപത്രിയില്‍ ചികിത്സതേടുകയും അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. തര്‍ക്കത്തിനിടെ വിദ്യാര്‍ഥിനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഫോട്ടോയാണ് പ്രതിയെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂര്‍ ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ജെ.വര്‍ഗീസ്, റെയില്‍വേ പോലീസ് എസ്.ഐ. പി.വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായിരുന്നു അന്വേഷണം നടത്തി പ്രതിയെ പിടിച്ചത്. റെയില്‍വേ പോലീസ് എസ്‌ഐമാരായ രാജന്‍ കോട്ടമലയില്‍, ജയേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ എസ് സംഗീത്, രാജേഷ് കാനായി, ഹരിദാസന്‍, സിവില്‍ പോലീസ് ഓഫിസര്‍ ബിബിന്‍ മാത്യു, ആര്‍പിഎഫ്. ഉദ്യോഗസ്ഥരായ അജീഷ്, ഷൈജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക