തൃശൂര്‍ അന്തിക്കാട് വൃദ്ധയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ ആഭരണങ്ങള്‍ പണയംവച്ച പേരമകനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍പീടിക പുളിപ്പറമ്പില്‍ യദുകൃഷ്ണന്‍(24) ആണ് അറസ്റ്റിലായത്. യദുവിന്റെ മുത്തശ്ശി ഓമന(71)യെ ആഗസ്ത് മാസം ഒടുവില്‍ പെരിങ്ങോട്ടുകര സ്‌കൂളിന് പടിഞ്ഞാറുഭാഗത്ത് മാത്തുത്തോട്ടില്‍ കലുങ്കിനടിയില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഗസ്ത് 20ന് കാണാതായ ഓമനയെ രണ്ടുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ശരീരത്തില്‍ ആഭരണങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
|
ഓമനയുടെ രണ്ട് സ്വര്‍ണ വളകള്‍ തൃപ്പയാറിലെ ധനകാര്യ സ്ഥാപനത്തിലാണ് യദു പണയം വച്ചത്. ഓമനയുടെ മരണത്തില്‍ സംശയം ഉയരുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റൂറല്‍ എസ്പി നവനീത് ശര്‍മ ഡിവൈഎസ്പി കെ ജി സുരേഷിനെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ പോലീസ് നിരീക്ഷണത്തില്‍ ഇരിക്കെയാണ് മരിച്ച ഓമനയുടെ വളകള്‍ തൃപ്രയാര്‍ ധനകാര്യ സ്ഥാപനത്തില്‍ യദുകൃഷ്ണന്‍ പണയം വച്ചതായി കണ്ടെത്തിയത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. അലമാരയിലെ പഴ്‌സില്‍ നിന്നാണ് വളകള്‍ കിട്ടിയതെന്നും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് സ്വര്‍ണം പണയം വച്ചതെന്നുമാണ് ഇയാള്‍ നല്‍കിയിരിക്കുന്ന വിശദീകരണം. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





