എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് പൃഥ്വിരാജ് വീണ്ടും അഭിനയ ലോകത്തേക്ക്. (Prithviraj Vilayath Buddha shooting in final stage) താരത്തെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.
|
തികച്ചും വ്യത്യസ്ഥമായ പ്രമേയമാണ് വിലായത്ത് ബുദ്ധയുടേത്. ഡബിള്‍ മോഹനന്‍ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് ഈ സിനിമയിലെത്തുന്നത്. ജി. ആര്‍. ഇന്ദുഗോപന്റെ ഇതേപേരിലുള്ള കൃതിയാണ് സിനിമയാകുന്നത്. പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമാവും ഡബിള്‍ മോഹനനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സച്ചി, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം സഹസംവിധായകനായിരുന്ന ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മിക്കുന്നത്. പൃഥ്വിരാജിനൊപ്പം അനുമോഹന്‍, ഷമ്മി തിലകന്‍, പ്രിയംവദ കൃഷ്ണന്‍, രാജശ്രീ നായര്‍ എന്നിവരും അന്യഭാഷാ താരം ടി ജെ അരുണാചലവും വേഷമിടുന്നു.
ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാന്താര, 777 ചാര്‍ലി എന്നീ വമ്പന്‍ ഹിറ്റുകളുടെ ഛായാഗ്രഹകനായിരുന്ന അരവിന്ദ് കശ്യപാണ് ക്യാമറ. സംഗീതം ജേക്ക്‌സ് ബിജോയ്. എഡിറ്റിങ് ശ്രീജിത്ത് സാരംഗ്.


