പണം ഇടുന്നതിനിടെ യുവാവിന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ നേര്‍ച്ചപ്പെട്ടിയിലേക്ക് ഐഫോണ്‍ വീണു. എന്നാല്‍ ഫോണ്‍ തിരികെ കൊടുക്കില്ലെന്ന പിടിവാശിയില്‍ ക്ഷേത്രം അധികൃതര്‍. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂര്‍ അരുള്‍മിഗു കന്തസ്വാമി ക്ഷേത്രത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശിന്റെ ഐ ഫോണാണ് നേര്‍ച്ചപ്പെട്ടിയില്‍ വീണത്.
|
നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് ഫോണ്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ദിനേശ് ക്ഷേത്ര അധികാരികളുടെ സഹായം തേടുകയായിരുന്നു. എന്നാല്‍ നേര്‍ച്ചപ്പെട്ടിയില്‍ നിന്നു കിട്ടിയ ഫോണ്‍ ക്ഷേത്രത്തിന്റേതാണെന്ന നിലപാടാണ് ക്ഷേത്രഭാരവാഹികള്‍ സ്വീകരിച്ചത്. സിം തിരികെ നല്‍കാമെന്നും ഫോണില്‍ നിന്ന് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാനും അനുവാദം നല്‍കാമെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഗത്യന്തരമില്ലാതെ യുവാവ് ഈ നിര്‍ദേശം അനുസരിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം കുടുംബത്തിനൊപ്പം ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ യുവാവ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് കറന്‍സി നോട്ട് പുറത്ത് എടുക്കുമ്പോഴാണ് ഫോണ്‍ നേര്‍ച്ചപ്പെട്ടിയിലേക്ക് വീണത്. പരാതി അറിയിച്ചപ്പോള്‍ രണ്ട് മാസം കൂടുമ്പോള്‍ മാത്രമാണ് നേര്‍ച്ചപ്പെട്ടി തുറക്കാറുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ നേര്‍ച്ചപ്പെട്ടി തുറക്കുന്ന സമയത്ത് അറിയിക്കണമെന്ന് യുവാവ് പരാതി എഴുതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച അധികൃതര്‍ നേര്‍ച്ചപ്പെട്ടി തുറന്ന സമയത്ത് ദിനേശ് ഇവിടെയെത്തി ഫോണ്‍ തിരികെ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല.
യുവാവ് ആവശ്യം ആവര്‍ത്തിച്ചതോടെ അധികൃതര്‍ സിം തിരികെ നല്‍കുകയും ഫോണിലെ ഡാറ്റ ശേഖരിക്കാന്‍ യുവാവിനെ അനുവദിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനകം ഡ്യൂപ്ലിക്കേറ്റ് സിം യുവാവ് എടുത്തതിനാല്‍ ഫോണില്‍ നിന്ന് ക്ഷേത്രഭാരവാഹികള്‍ ഊരി നല്‍കിയ സിം കാര്‍ഡ് തിരികെ നല്‍കി യുവാവ് മടങ്ങുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





