അടുത്തവര്‍ഷം മുതല്‍ അവശ്യവസ്തുക്കള്‍ക്ക് തുടര്‍ച്ചയായി രണ്ടു തവണ വിലവര്ധിപ്പിക്കണമെങ്കില് കുറഞ്ഞത് ആറുമാസത്തെ ഇടവേള അനിവാര്യമാണെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. മുന്‍കൂര്‍ അനുമതിയില്ലാതെ ഒമ്പതിനം അവശ്യവസ്തുക്കള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ചില്ലറ വ്യാപാരികളെ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
|
പാചക എണ്ണ, മുട്ട, പാല് ഉല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, വളര്‍ത്തുകോഴികള്‍, പയര്‍, ബ്രഡ്, ഗോതമ്പ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് വില വര്‍ധനവിന് മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുള്ളത്. ഇതിനു പുറമേ ശുചീകരണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനും
മന്ത്രാലയത്തിന്റെ അനുമതി തേടണം.
പ്രാദേശിക അധികൃതര്‍, അവശ്യവസ്തുക്കളുടെ വിതരണക്കാര്‍, ചില്ലറ വ്യാപാരികള്‍, ഡിജിറ്റല്‍ വ്യാപാരികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്. ഉല്‍പ്പന്നങ്ങളുടെ വിലവിവരപ്പട്ടിക ചില്ലറ വ്യാപാരസ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറഞ്ഞിട്ടില്ലാത്ത വസ്തുക്കള്‍ക്ക് വിതരണത്തിന്റെയും ആവശ്യക്കാരുടെയും എണ്ണത്തിനും വിപണിയിലെ മറ്റ് സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റം വരുത്താവുന്നതാണ്.





