ദുബായ്: ദുബായ് റൺ 2026ൽ പങ്കെടുത്തത് 3.10 ലക്ഷത്തിലേറെ പേർ. ഞായറാഴ്ച നടന്ന എട്ടാമത് ദുബായ് റണ്ണിന്റെ ഭാഗമായി നഗരത്തിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡ് കൂറ്റൻ റണ്ണിങ് ട്രാക്കായി മാറി. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
|
അഞ്ച് കിലോമീറ്റർ, പത്ത് കിലോമീറ്റർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ പ്രായക്കാരും രാജ്യക്കാരും കുടുംബങ്ങളുമടക്കം ആയിരക്കണക്കിന് പേർ ആവേശത്തോടെ പങ്കെടുത്തു.
ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിപാടിയുടെ ആകാശദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഷെയ്ഖ് സായിദ് റോഡിലൂടെ നീണ്ടുകിടക്കുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ ഏറെ ശ്രദ്ധേയമായി.
യുഎഇ വ്യോമസേനയുടെ അൽ ഫുർസാൻ എയറോബാറ്റിക് സംഘത്തിന്റെ വിമാനപ്രകടനവും പരിപാടിക്ക് മാറ്റുകൂട്ടി. ആകാശത്ത് വർണാഭമായ പുകവരകൾ തീർത്ത് വിമാനങ്ങൾ പറന്നപ്പോൾ മോട്ടറൈസ്ഡ് പാരാഗ്ലൈഡറുകളും ദൃശ്യവിരുന്നൊരുക്കി.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യാൻ 30 ദിവസത്തേക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് പരിപാടിയുടെ ലക്ഷ്യം. നഗരത്തിലെ പ്രധാന ഹൈവേയിൽ വാഹനങ്ങൾക്ക് പകരം റണ്ണർമാരും നടത്തക്കാരും നിറഞ്ഞത് ദുബായ് റണ്ണിന്റെ മറ്റൊരു പ്രത്യേകതയായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





