ദുബൈ: യുഎഇയുടെ 55-ാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസം തുടർച്ചയായ അവധി. ഡിസംബർ രണ്ട് ബുധനാഴ്ച മുതൽ നാല് വെള്ളിയാഴ്ച വരെയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി കൂടി ചേരുന്നതോടെ അഞ്ച് ദിവസം തുടർച്ചയായി വിശ്രമിക്കാം.
|
ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് വകുപ്പാണ് അവധി സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഡിസംബർ ഏഴ് തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കും.
നേരത്തെ യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയുള്ളവർക്ക് അഞ്ച് ദിവസത്തെ ഇടവേള ലഭിക്കും.
അതേസമയം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് അവധി. ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രാലയം നേരത്തെ നടത്തിയിരുന്നു.
എല്ലാ വർഷവും ഡിസംബർ രണ്ടും മൂന്നും തീയതികളിലാണ് യുഎഇ ദേശീയദിനം ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്നത്. 1971ൽ ഏഴ് എമിറേറ്റുകൾ ഒന്നിച്ച് യുഎഇ രൂപീകരിച്ചതിന്റെ ഓർമ പുതുക്കുന്നതാണ് ആഘോഷം.
രാജ്യത്തിന്റെ 55 വർഷത്തെ മുന്നേറ്റത്തിൽ കുടുംബങ്ങൾക്കും വിവിധ തലമുറകൾക്കും സമൂഹങ്ങൾക്കുമുള്ള പങ്കാണ് ഈ വർഷത്തെ ആഘോഷങ്ങളിൽ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. 2026 കുടുംബവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുടുംബബന്ധങ്ങൾക്കും ഐക്യത്തിനും പ്രത്യേക പ്രാധാന്യവും നൽകുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



