24
Dec 2024
Tue
24 Dec 2024 Tue
kattapana rural co operative society gives back late Sabu s deposit balance

കട്ടപ്പനയില്‍ ജീവനക്കാര്‍ക്കെതിരേ ആത്മഹത്യാകുറിപ്പെഴുതിവച്ച് ജീവനൊടുക്കിയ നിക്ഷേപകന്റെ പണം കുടുംബത്തിന് തിരികെ നല്‍കി സിപിഐഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറല്‍ കോ ഓപറേറ്റീവ് സൊസൈറ്റി. വ്യാപാരിയായ മുളങ്ങാശ്ശേരില്‍ സാബു തോമസിന് കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്ന നിക്ഷേപത്തുക പലിശ ചേര്‍ത്ത് 14,59,940 രൂപയാണ് കുടുംബത്തിന് കൈമാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടെ ഇന്ന് പുലര്‍ച്ചെ സാബുവിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു ത്രേസ്യാമ്മ. ഭാര്യ മേരിക്കുട്ടി ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചികില്‍സയ്ക്കാവശ്യമായ പണം നല്‍കാന്‍ ഇല്ലാതെ വരികയും ചെയ്തതോടെയാണ് നിക്ഷേപത്തുകയില്‍ നിന്ന് ചികില്‍സയ്ക്കാവശ്യമായ പണം ആവശ്യപ്പെട്ട് സാബു സൊസൈറ്റിയെ സമീപിച്ചത്. എന്നാല്‍ പണം നല്‍കിയില്ലെന്നു മാത്രമല്ല അവഹേളിക്കുകയും തള്ളിവിടുകയും ചെയ്തുവെന്ന് സാബു ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നു.

സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും സിപിഐഎം മുന്‍ കട്ടപ്പന ഏരിയാ സെക്രട്ടറിയുമായ വി ആര്‍ സജിയെ ഫോണില്‍ വിളിച്ച് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് സാബു പറഞ്ഞെങ്കിലും സാബുവിന് തല്ലുകിട്ടേണ്ട സമയം അധികരിച്ചുവെന്ന രീതിയിലായിരുന്നു സജിയുടെ പ്രതികരണം. ഇതു കൂടിയായതോടെ സാബു തോമസ് സൊസൈറ്റിക്കു മുന്നിലെത്തി ഡിസംബര്‍ 20ന് രാത്രി തൂങ്ങിമരിക്കുകയായിരുന്നു. സാബുവിനെ വീട്ടില്‍ കാണാതെ വന്നതോടെ തിരക്കിവന്ന മകനാണ് മൃതദേഹം കാണുന്നത്.

സൊസൈറ്റി ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ വി ആര്‍ സജിക്ക് എതിരേ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. അതേസമയം സാബുവിന് മാനസിക പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് കഴിഞ്ഞദിവസം എം എം മണി അധിക്ഷേപിച്ചിരുന്നു.സിപിഐഎം കട്ടപ്പനയില്‍ നടത്തിയ നയ വിശദീകരണ യോഗത്തിലായിരുന്നു മണിയുടെ പരാമര്‍ശം. സാബുവിന്റെ മരണത്തില്‍ വി ആര്‍ സജിക്കോ സിപിഐമ്മിനോ പങ്കില്ലെന്നും വയ്യാവേലികള്‍ സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ വരേണ്ടെന്നും മണി പറഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചു മുടിച്ച സൊസൈറ്റി നന്നാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തിയിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക