ബുള്‍ഡോസര്‍ രാജില്‍ സുപ്രിംകോടതിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കെ ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കല്‍ യജ്ഞവുമായി ഭരണകൂടം.(Bulldozer raj continues in Gujarat; 335 buildings, including famous dargah and houses, demolished) ദ്വാരക ജില്ലയിലെ ബെറ്റ് ദ്വാരക, ജാംനഗര്‍ ജില്ലയിലെ പിറോട്ടന്‍ ദ്വീപുകളിലായി 335ഓളം വീടുകളും കെട്ടിടങ്ങളും ദര്‍ഗകളുമാണ് ഭരണകൂടം പൊളിച്ചത്.
|
അനധികൃത കൈയേറ്റം ആരോപിച്ചാണു നടപടി. പ്രശസ്തമായ ഹസ്രത്ത് പീര്‍ പഞ്ച് ദര്‍ഗ ഉള്‍പ്പെടെ പത്ത് സൂഫി തീര്‍ഥാടനകേന്ദ്രങ്ങളും ഇടിച്ചുനിരപ്പാക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് ബെറ്റ് ദ്വാരക ജില്ലയിലെ ബാലാപൂര്‍ ഗ്രാമത്തില്‍ പൊളിക്കല്‍ ആരംഭിച്ചത്.

ഇടിച്ചുനിരത്തലിന്റെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്‌വി എക്‌സില്‍ പോസ്റ്റ് ചെയ്തു. 1,00,642 ചതുരശ്ര മീറ്റര്‍ സ്ഥലത്തെ 53 കോടിയിലേറെ രൂപയുടെ കെട്ടിടങ്ങളാണ് ഇതിനകം തകര്‍ത്തത്. ഇതില്‍ 314 വീടുകള്‍, ഒമ്പത് വാണിജ്യ കേന്ദ്രങ്ങള്‍, 12 ആരാധനാലയങ്ങള്‍ എന്നിവ ഉള്‍പ്പെടും.
ഇവിടെ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ദ്വാരകയില്‍ ആരംഭിച്ച പൊളിച്ചുനീക്കല്‍ നടപടികള്‍ പിറോട്ടന്‍ ദ്വീപിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണിപ്പോള്‍. ദ്വീപിലുള്ള ഒന്‍പത് ദര്‍ഗകളാണ് പൊളിച്ചുനീക്കിയത്. ഇവിടെ 4,000ത്തോളം ചതുരശ്ര അടി ഭൂമി ഒഴിപ്പിച്ചിട്ടുണ്ട്.
റോഡ് മാര്‍ഗമുള്ള വാഹന ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ബുള്‍ഡോസറിനു പകരം തൊഴിലാളികളെ എത്തിച്ചാണ് ഇവിടെ പൊളിക്കല്‍ തുടരുന്നത്.
ALSO READ: Israel -Hamas ceasefire: വെടിനിർത്തൽ കരാറിന് ഇസ്രായേലിന്റെ അംഗീകാരം; നാളെ മുതൽ നിലവിൽവരും
പാരിസ്ഥിതികമായും തന്ത്രപരമായും ഏറെ പ്രാധാന്യമുള്ള മേഖലയാണ് പിറോട്ടന്‍ ദ്വീപ്. കണ്ടല്‍ക്കാടുകളും കടല്‍സസ്യങ്ങളും പവിഴപ്പുറ്റുകളും നിറഞ്ഞ, സമുദ്ര ജൈവവൈവിധ്യങ്ങള്‍ക്കു പേരുകേട്ട മേഖലയാണിവിടെ. കച്ച് ഉള്‍ക്കടലിലെ മറൈന്‍ നാഷനല്‍ പാര്‍ക്കിന്റെ ഭാഗം കൂടിയാണ് ദ്വീപ്. വനം-കസ്റ്റംസ് വകുപ്പുകളുടെയും പൊലീസിന്റെയും പ്രത്യേക അനുമതി വാങ്ങി വേണം ഇവിടെ സന്ദര്‍ശിക്കാന്‍.
അതേസമയം, അനധികൃത കൈയേറ്റം നീക്കം ചെയ്യാനെന്ന വ്യാജേന ബിജെപി ആരാധനാലയങ്ങളെയും സ്മാരകങ്ങളെയും ലക്ഷ്യമിടുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ”ഞായറാഴ്ച്ച മാത്രം ബെറ്റ് ദ്വാരകയില്‍ ഹസ്രത് പഞ്ജ് മീര്‍ ദര്‍ഗ ഉള്‍പ്പെടെ 13,12,72,000 രൂപയുടെ നിര്‍മിതികളാണ് പൊളിച്ചു മാറ്റിയത്. മുസ്ലിം ആരാധനാലയങ്ങളും സ്മാരകങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.”- എസ്ഡിപിഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട് ആരോപിച്ചു.
അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയാണെന്നാണ് ന്യായമെങ്കിലും മുസ്ലിംകളെയാണ് ലക്ഷ്യമിടുന്നതെന്ന് റിയാസ് ഫറങ്കിപ്പേട്ട് പറഞ്ഞു.
പ്രദേശവാസികളുടെ പ്രതിഷേധത്തെ നേരിടാന്‍ ആയിരം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചായിരുന്നു പൊളിച്ചുനീക്കല്‍. കൂടാതെ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണവും നടത്തി.





