22
Feb 2025
Fri
22 Feb 2025 Fri
Sherin keeps sexual relationship with Jail DGP reveals former prisoner

കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മുന്‍ ജയില്‍ ഡിജിപിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ക്ക് വിഐപി പരിഗണനയാണ് ജയിലില്‍ ലഭിച്ചിരുന്നതെന്നും സഹതടവുകാരി സുനിതയുടെ വെളിപ്പെടുത്തല്‍. ഷെറിന് അട്ടക്കുളങ്ങരെ ജയിലില്‍ വിഐപി സൗകര്യമൊരുക്കിയതിന് പിന്നില്‍ അന്നത്തെ ജയില്‍ ഡിഐജി പ്രദീപാണെന്നും സുനിത പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷെറിന്‍ തന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. മറ്റുള്ള തടവുകാരെ പോലെ അവര്‍ ക്യൂവില്‍ നിന്ന് ഭക്ഷണമൊന്നും വാങ്ങിയിരുന്നില്ല. ഷെറിന്‍ ആവശ്യപ്പെടുന്ന ഭക്ഷണം മൂന്ന് നേരവും ജയില്‍ ജീവനക്കാര്‍ പുറത്ത് നിന്ന് വാങ്ങിക്കൊടുക്കുകയായിരുന്നു പതിവ്. ഷെറിന് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. വെള്ള വസ്ത്രമാണ് ധരിച്ചിരുന്നതെങ്കിലും അത് പുറത്ത് നിന്ന് തയ്ച്ചുകൊണ്ടുവരുന്നതായിരുന്നുവെന്നും സുനിത പറയുന്നു.

ബെഡും തലയിണയും സൗന്ദര്യവര്‍ധക വസ്തുക്കള്‍ വരെ സെല്ലില്‍ ലഭ്യമാക്കിയിരുന്നു എന്നും സുനിത പറയുന്നു. ജയില്‍ ഡിഐജി പ്രദീപ് ആഴ്ചയില്‍ ഒരു ദിവസം വീതം വൈകുന്നേരം ഷെറിനെ കാണാന്‍ വരുമായിരുന്നു. ഏഴ് മണിക്ക് ഷെറിനെ ലോക്കപ്പില്‍ നിന്നിറക്കിയാല്‍ രണ്ട് മണിക്കൂറിന് ശേഷമാണ് തിരിച്ച് കയറ്റാറെന്നും ഇവര്‍ പറയുന്നു. സ്വന്തം പാത്രമുള്‍പ്പടെ ഇവര്‍ കഴുകിപ്പിച്ചിരുന്നത് സഹതടവുകാരെക്കൊണ്ടായിരുന്നുവെന്നും ഇതിനെതിരെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടയുണ്ടായില്ലെന്നും സുനിത വെളിപ്പെടുത്തി.

സെന്‍കുമാര്‍ ഡിജിപി ആയിരുന്ന സമയത്ത് പരാതി നല്‍കിയെങ്കിലും പരാതി നല്‍കാന്‍ സഹായിച്ച ജയില്‍ ജീവനക്കാര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിജിപി ഭീഷണിപ്പെടുത്തിയെന്നും സുനിത വ്യക്തമാക്കി. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പല വിവരാവകാശങ്ങളും നല്‍കിയെന്നും എന്നാല്‍ പോലീസ് പ്രതികരിച്ചിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇരുപതും മുപ്പതും വര്‍ഷമായി ജയിലില്‍ കഴിയുന്ന വനിതാ തടവുകാര്‍ ഇപ്പോഴും ജയിലില്‍ ഉണ്ടെന്നും നല്ല നടപ്പ് പരിഗണിച്ച് ഇവരെകൂടി വിട്ടയയ്ക്കണമെന്നാണ് തനിക്കു പറയാനുള്ളതെന്നും സുനിത പറഞ്ഞു.

മാനസാന്തരം വന്നതിനാല്‍ ഷെറിനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിനു പിന്നാലെയാണ് മുന്‍ സഹതടവുകാരിയുടെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക