കോഴിക്കോട്: എമ്പുരാന് സിനിമയ്ക്ക് നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് കോഴിക്കോട്ടും തിരുവന്തപുരത്തും സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു. (Cultural resistance against Empuraan hunting in Kozhikode and Thiruvananthapuram )
|
സിനിമയ്ക്ക് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണങ്ങളുടെയും അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രതിഷേധ സംഗമം നടക്കുന്നത്.
ഏപ്രില്‍ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ കോഴിക്കോട് സാംസ്കാരിക വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാല് സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ പ്രമുഖ സാഹിത്യകാരന്മാരും സിനിമ പ്രവര്‍ത്തകരും പങ്കെടുക്കും.
ALSO READ: അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ 44കാരന് അറസ്റ്റില്‍
ആവിഷ്കാര സ്വാതന്ത്യത്തിനുമേല്‍ ഫാസിസം പിടിമുറുക്കിയിരിക്കുന്നു എന്ന തിരിച്ചറിവിലേക്കാണ് എമ്പുരാന് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്ത്യയിലുയര്‍ന്ന കോലാഹലങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഇന്ത്യയിലെ തീവ്ര ഫാസിസ്റ്റ് ഗ്രൂപ്പുകളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് സിനിമയുടെ സുപ്രധാന ഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റേണ്ടിവന്നിരിക്കുന്നു.
വിമര്‍ശിക്കുന്നവര്‍ അന്വേഷണ ഏജന്‍സികളാല്‍ പൂട്ടിക്കെട്ടപ്പെടും എന്ന സന്ദേശം വ്യക്തമായി തന്നെ ഭരണകൂടം തന്നു തുടങ്ങിയിരിക്കുന്നു. ഇതിനോടെല്ലാമുള്ള ശക്തമായ വിയോജിപ്പും, വേട്ടയാടപ്പെടുന്നവരോടുള്ള ഐക്യപ്പെടലും രാജ്യത്തങ്ങോളമിങ്ങോളം ഉയരേണ്ടതുണ്ട് എന്ന ആഗ്രഹത്തിലാണ് ‘വംശഹത്യാചരിത്രം മുറിച്ചുമാറ്റുമ്പോള്‍’ എന്ന പേരില്‍ ഇത്തരമൊരു പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് സാംസ്കാരിക വേദി അറിയിച്ചു.
എഴുത്തുകാരനായ എന്‍ എസ് മാധവന് പരിപാടി ഉദ്ഘാടനം ചെയ്യും. പി എന്‍ ഗോപീകൃഷ്ണന്, എ പ്രദീപ്കുമാര്‍, എ കെ അബ്ദുള്‍ ഹക്കീം, വിനോയ് തോമസ്, ആമിര്‍ പള്ളിക്കല്‍, വി മുസഫര്‍ അഹമ്മദ്, നജ്മ തബ്ഷീറ, ഷാഹിന കെ റഫീഖ്, ശ്രീജിത്ത് ദിവാകരന്, ഷിജു ആര്, കെ വി ശശി തുടങ്ങി വിവിധ സാംസ്കാരിക മേഖലകളിലുള്ള പ്രമുഖര്‍ സെഷനുകളില്‍ പങ്കെടുക്കും.
തിരുവന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ ഇന്ന് വൈകീട്ട് 4.30ന് ‘എമ്പുരാന് ഹിന്ദുത്വം വെട്ടിമാറ്റുന്ന വംശഹത്യാ ചരിത്രം’ എന്ന പേരില്‍ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയാണ് ടേബിള്‍ ടോക്ക് സംഘടിപ്പിക്കുന്നത്.
ഡോ. ടിഎസ് ശ്യാം കുമാര്‍, പി രാമഭദ്രന്, ഡോ. എംഎം ഖാന്, ഡോ. വിനീത വിജയന്, സുജ സൂസന് ജോര്‍ജ്, ശ്രീജ നെയ്യാറ്റിന്‍കര, എച്ച്മു കുട്ടി, പ്രീജിത്ത് പികെ, അഡ്വ. കുക്കു ദേവകി തുടങ്ങിയവര്‍ സംബന്ധിക്കും.


