ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം. (Army destroys nine terror camps in Operation Sindoor; India releases evidence) അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണയ്ക്കുള്ള മറുപടിയായാണ് ആക്രമണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വോമിക സിങ് എന്നീ വനിതാ ഉദ്യോഗസ്ഥരാണ് ഇന്നലെ അര്‍ധരാത്രിക്ക് ശേഷം പാകിസ്താനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടതെന്നത് ശ്രദ്ധേയാണ്.
|
ഇന്നലെ അര്‍ധരാത്രി 1.05ന് തുടങ്ങി 1.30ന് ആണ് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചത്. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭീകര പരിശീലനവും റിക്രൂട്ടിങും നടക്കുന്ന കെട്ടിടങ്ങളെയാണ് സൈന്യം ലക്ഷ്യമിട്ടത്. സിവിലിയന്‍മാര്‍ക്കോ മറ്റ് കേന്ദ്രങ്ങള്‍ക്കോ നാശനഷ്ടമുണ്ടാക്കാത്ത രീതിയില്‍ വളരെ കൃത്യമായാണ് ആക്രമണം നടത്തിയതെന്ന് കണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
ലശക്‌റെ ത്വയ്യിബ, ഹിസ്ബുല്‍ മുജാഹിദീന്‍, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ ഉപയോഗിച്ചിരുന്ന 9 കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഈ 9 കേന്ദ്രങ്ങളും പൂര്‍ണമായും തകര്‍ത്തതായും സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിന്റെ മാപ്പുകളും ദൃശ്യങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്തു പറഞ്ഞാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. രണ്ടു കോടി സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ജമ്മുവില്‍ എത്തിയത്. ഇതിനെ തടയിടാനാണ് അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ ശ്രമിച്ചത്. ടിആര്‍എഫ് ആണ് പഹല്‍ഗാം ആക്രമണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ള സംഘടനയാണ് ഇത്. ടിആര്‍എഫ് എന്നത് ചെറിയ സംഘടനയാണ്. അവര്‍ക്ക് പിന്നില്‍ വലിയ ഭീകരവാദ സംഘടനകളാണ് ഉള്ളത്. പാക്കിസ്ഥാന്‍ കേന്ദ്രമായുള്ള ഭീകരവാദ സംഘടനകളായ എല്‍ഇടി, ജയ്‌ഷെ എന്നിവരാണ് ഇതിനു പിന്നില്‍ ഉള്ളത്. ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്. പാര്‍ലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം എന്നിവയുടെ ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
ജമ്മു കശ്മീരിലെ സമാധാനം തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പഹല്‍ഗാമിലെ നിഷ്ഠൂരമായ ആക്രമണത്തിന് ഇന്ത്യ മറുപടി നല്‍കി. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് ക്രൂരമായാണ് വിനോദസഞ്ചാരികളെ ഭീകരവാദികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. പാക്കിസ്ഥാനിലും പാക്കിസ്ഥാന്‍ അധിനിവേശ മേഖലകളിലും ഭീകരവാദികളുടെ വലിയ കേന്ദ്രങ്ങളാണ് ഉള്ളത്.
ഭീകരവാദികള്‍ക്ക് പാക്കിസ്ഥാന്‍ ഒരുക്കി നല്‍കിയിരിക്കുന്ന ഈ സൗകര്യങ്ങള്‍ തകര്‍ക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അവരുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍ക്കും സഹായികള്‍ക്കും കൃത്യമായ ഉത്തരം നല്‍കുക എന്നതാണ് ഈ ആക്രമണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


