25
May 2025
Mon
25 May 2025 Mon
Nun Anupama who leads protest against Franco Mulakkal quits congregation

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടപടിയാവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ട് പ്രവര്‍ത്തിക്കുന്ന സന്യാസിമഠത്തില്‍ നിന്ന് ഒന്നരമാസം മുമ്പ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തുകയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു കയറുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഎസ്ഡബ്ല്യു ധാരിയായ അനുപമ പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപറേറ്ററായാണ് ജോലിയില്‍ പ്രവേശിച്ചത്. ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ വന്നതോടെ പരസ്യസമരത്തിന് നേതൃത്വം നല്‍കിയതിലൂടെയാണ് സിസ്റ്റര്‍ അനുപമ ശ്രദ്ധേയയായത്.

2018 ജൂണില്‍ ആണ് ഫ്രാങ്കോയ്‌ക്കെതിരേ കുറവിലങ്ങാട് പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും നടപടിയുണ്ടാവാതെ വന്നതോടെ സിസ്റ്റര്‍ അനുപമയടക്കം അഞ്ച് കന്യാത്രീകള്‍ സമരത്തിനിറങ്ങുകയായിരുന്നു. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്‌ക്വയറില്‍ എത്തിയായിരുന്നു സമരം. 13 ദിവസമാണ് കന്യാസ്ത്രീകള്‍ ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സമരമിരുന്നത്. ഒടുവില്‍ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ കേസില്‍ കോട്ടയം ജില്ലാ കോടതി 2022 ജനുവരിയില്‍ ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയിരുന്നു.

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചിരുന്നു. സമരത്തില്‍ ഭാഗമായിരുന്ന മറ്റ് രണ്ട് സന്യാസിനികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സഭ വിട്ടിരുന്നു.

ALSO READ: ബിഷപ്പ് ഫ്രാങ്കോയുടെ രാജിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക