16
May 2025
Thu
16 May 2025 Thu
Hunger Free World: Malabar Group

കോഴിക്കോട്: വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതിന് മലബാര്‍ ഗ്രൂപ്പ് ആരംഭിച്ച ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയില്‍ ഈ വര്‍ഷം 2.5 കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. ഇന്നലെ ഡല്‍ഹി ജന്‍പഥിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷനല്‍ സെന്ററില്‍ നടന്ന മലബാര്‍ ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ദിനാചരണ ചടങ്ങില്‍ ഈ വര്‍ഷത്തെ പരിപാടികള്‍ നീതി ആയോഗ് മുന്‍ സി.ഇ.ഒ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയില്‍ ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തുമായി 70,000 ഭക്ഷണപ്പൊതികളാണ് ഒരു ദിവസം വിതരണം ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിക്കവെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 167 കേന്ദ്രങ്ങളില്‍ ദിനംപ്രതി 60,000 പേര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമെ, ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ മൂന്ന് സ്‌കൂളുകളിലെ 10,000 വിദ്യാര്‍ഥികള്‍ക്കും സാംബിയ സര്‍ക്കാരുമായി സഹകരിച്ച് പ്രതിദിനം ഭക്ഷണം നല്‍കുന്നു.
ഈ വര്‍ഷം സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 150 കോടി രൂപയാണ് ചെലവഴിക്കുക. വേള്‍ഡ് ഹംഗര്‍ ഡേ ആയ മെയ് 28 എല്ലാ വര്‍ഷവും സി.എസ്.ആര്‍ ദിനമായി ആചരിക്കാനും തീരുമാനിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം, ഇന്ത്യന്‍ ഓപറേഷന്‍സ് എം.ഡി ഒ. അഷര്‍, ഗ്രുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.കെ നിഷാദ്, കെ.പി വീരാന്‍കുട്ടി, ഗ്രൂപ്പ് ഡയരക്ടര്‍ പി.എ അബ്ദുല്ല ഇബ്രാഹിം, തണല്‍ ചെയര്‍മാന്‍ ഡോ. വി. ഇദ്രിസ്, നോര്‍ത്ത് സോണല്‍ ഹെഡ് എന്‍.കെ ജിഷാദ് ചടങ്ങില്‍ പങ്കെടുത്തു.

Hunger Free World: Malabar Group to distribute 2.5 crore food parcels this year