31
Jan 2026
Sat
31 Jan 2026 Sat
kerala gold price down

Kerala gold price  അപ്രതീക്ഷിത കുതിച്ചു ചാട്ടത്തിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ആഗോളവിപണിയിലെ വിലയിടിവാണ് കേരള വിപണിയേയും സ്വാധീനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണം ഇന്ന് കുത്തനെ താഴോട്ട് വീണു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച ഔണ്‍സിന് 5,594.82 ഡോളര്‍ എന്ന സര്‍വകാല ഉയരത്തിലെത്തിയ രാജ്യാന്തര സ്വര്‍ണവില ഇന്നലെ 5,000 ഡോളറിലേക്ക് വീണിരുന്നു. ഇന്ന് ഒരു ഘട്ടത്തില്‍ 4697 ഡോളറിലേക്ക് താഴ്ന്നു. പിന്നീട് നേരിയ തോതില്‍ ഉയര്‍ന്ന് 4893.2 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം കുതിച്ചപ്പോള്‍ വ്യാഴാഴ്ച 8000ത്തിലധികം രൂപയായിരുന്നു കേരളത്തില്‍ ഒരുപവന് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇന്നലെ രാജ്യാന്തര വിപണിയില്‍ വിലയിടിഞ്ഞതോടെ കേരളത്തില്‍ സ്വര്‍ണ വില 5000 രൂപയ്ക്ക് താഴെ ഇടിഞ്ഞിരുന്നു.

വിലയിടിവിന് കാരണം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് ഇന്ന് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്. ജെറോം പവലിന് ശേഷം ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി മുന്‍ ഫെഡ് ഗവര്‍ണറായിരുന്ന കെവിന്‍ വാര്‍ഷിനെ നിയമിച്ചിരിക്കുകയാണ് ട്രംപ്. കെവിന്‍ വാര്‍ഷ് താരതമ്യേന കണിശക്കാരനും സെന്‍ട്രല്‍ ബാങ്കിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നയാള്‍ കൂടിയാണ്. ഇദ്ദേഹം പലിശ നിരക്ക് കുറക്കണമെന്ന ട്രംപിന്റെ വാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികൂടിയാണ്. കെവിന്റെ നിയമനം ഫെഡിന്റെ മേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം കുറയ്ക്കുമെന്ന മുന്‍ ഭയം ഇല്ലാതാക്കി. ഡോളറിന്റെ മൂല്യം കുറയുന്നതിനും വിലക്കയറ്റത്തിനും എതിരായ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം ഇതുവരെ വര്‍ദ്ധിപ്പിച്ചത് ഈ ഭയത്തെ അടിസ്ഥാനമാക്കിയായിരുന്നു.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണ വില

സംസ്ഥാനത്ത് ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 15510 രൂപയായിരുന്നു വില. ഇന്ന് ഗ്രാം വിലയില്‍ 790 രൂപയുടെ കുറവ് രേഖപ്പെടുത്തി. 14720 രൂപയാണ് ഇന്ന് ഗ്രാമിന് രേഖപ്പെടുത്തിയത്. 1,24,080 രൂപയുണ്ടായിരുന്ന പവന്‍ വിലയില്‍ ഇന്ന് 6320 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 1,17,760 രൂപയാണ് നിലവില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക്. 18 കാരറ്റ് സ്വര്‍ണവും വിലകുറഞ്ഞ് കൂടുതല്‍ ആകര്‍ഷകമായി. ഇന്ന് ഗ്രാമിന് വില 12825 രൂപയാണ്.

ഒരു പവന്‍ വാങ്ങണമെങ്കില്‍

ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ അടിസ്ഥാന പണിക്കൂലിയായ അഞ്ച് ശതമാനവും 3 ശതമാനം ജി എസ് ടിയും ചേര്‍ത്ത് ഒരു പവന് 1,27,181 രൂപ നല്‍കണം. ഇനി 10 ശതമാനമാണ് പണിക്കൂലി വരുന്നതെങ്കില്‍ 1,33,069 രൂപയും 20 ശതമാനമാണ് പണിക്കൂലിയെങ്കില്‍ 1,44,845 രൂപയും നല്‍കേണ്ടി വരും. വിവാഹ ആവശ്യങ്ങള്‍ക്ക് വാങ്ങുന്ന സ്വര്‍ണത്തിന് 35 ശതമാനത്തില്‍ കൂടുതല്‍ പണിക്കൂലി ഈടാക്കാറുണ്ട്.

എംസിഎക്സ് ഫ്യൂച്ചേഴ്സിൽ വലിയ ചാഞ്ചാട്ടം

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വ്യാപാരത്തിൽ വലിയ ചാഞ്ചാട്ടം ദൃശ്യമായി. 10 ഗ്രാം സ്വർണ്ണത്തിന്‍റെ വില 1,80,499 രൂപയിൽ തുടങ്ങി 1,83,493 രൂപ വരെ ഉയർന്ന ശേഷം 1,50,849 രൂപയിൽ അവസാനിച്ചു. രേഖപ്പെടുത്തിയത് ഏകദേശം 18% നഷ്‌ടം. വെള്ളി വില 3,83,898 രൂപയിൽ തുടങ്ങി 2,91,922 രൂപയിൽ അവസാനിച്ചു. 27% നഷ്‌ടം രേഖപ്പെടുത്തി.

വില്‍ക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ ആയിക്കോട്ടെ

സ്വര്‍ണ വില വര്‍ധിച്ച് തുടങ്ങിയതോടെ വാങ്ങുന്നതിനേക്കാള്‍ വില്‍ക്കുന്നതിനാണ് ആളുകള്‍ ജ്വല്ലറികളിലേക്ക് എത്തുന്നത് എന്നാണ് വ്യാപാരികള്‍ വ്യക്തമാക്കിയത്. എന്തായാലും കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുതിച്ചതോടെ വില ഇനിയും ഉയരട്ടെ എന്ന കാത്തിരിപ്പിലായിരുന്നു ചിലര്‍.

എന്നാല്‍ ഇനി വില ഇടിയാനാണ് സാധ്യതയെന്നും അതിനാല്‍ വില്‍ക്കാന്‍ പദ്ധതിയുള്ളവര്‍ എത്രയും പെട്ടെന്ന് വില്‍ക്കുന്നതായിരിക്കും നല്ലതെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം വാങ്ങാന്‍ ആലോചിക്കുന്നവര്‍ അല്‍പം കൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും ഇവര്‍ പറയുന്നു.