പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്നും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സാധ്യത. പി.എം കെയര്‍ ഫണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സഭയില്‍ അനുവദിക്കരുതെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം ചര്‍ച്ചാവിഷയമായി മാറിയതോടെ പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചു.
പി.എം കെയര്‍ ഫണ്ട് ഒരു സ്വകാര്യ ട്രസ്റ്റാണെന്നും, സര്‍ക്കാര്‍ പണമല്ല ഇതിലുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, ഔദ്യോഗിക പദവികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫണ്ടിനെക്കുറിച്ച് എംപിമാര്‍ക്ക് ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
|
പി.എം കെയര്‍ വിവാദത്തിന് പുറമെ, എംപിമാരുടെ സസ്‌പെന്‍ഷന്‍, ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ എന്നിവയും പ്രതിഷേധത്തിന് കാരണമായി. സഭാ നടപടികള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ്
രാജ്യസഭാംഗം ഡോ. ജോണ്‍ ബ്രിട്ടാസ്, ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും കത്ത് നല്‍കി. എംപിമാരുടെ അവകാശം ലംഘിക്കപ്പെടുകയാണെന്നും വിഷയത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിലപാടുകള്‍ പക്ഷപാതപരമാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ‘ഇന്ത്യ’ സഖ്യം അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 100-ലധികം എംപിമാര്‍ ഒപ്പിട്ട നോട്ടീസ് സമര്‍പ്പിച്ചതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും. നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ സ്പീക്കര്‍ സഭാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.
ഇതിനിടെ, പാര്‍ലമെന്റിലെ ഇന്നത്തെ സമ്മേളനം കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കടുപ്പിക്കുമ്പോള്‍, പ്രധാന നിയമനിര്‍മ്മാണ നടപടികള്‍ പിന്നോട്ടുപോകാനിടയുണ്ട്.




