16
Jun 2026
Tue
16 Jun 2026 Tue
US BOMBER CRASH

യുഎസ് സൈന്യത്തിന്റെ ബി-52 ബോംബര്‍ വിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. അപകടത്തിന് പിന്നാലെ വിമാനത്തിന് വന്‍ തീപിടുത്തമുണ്ടായതായും വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചതായും എഡ്വേര്‍ഡ്‌സ് എയര്‍ഫോഴ്‌സ് ബേസ് പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോസ് ഏഞ്ചല്‍സിന് ഏകദേശം 95 കിലോമീറ്റര്‍ (60 മൈല്‍) വടക്കുള്ള യുഎസ് സൈന്യത്തിന്റെ പ്രധാന ഓപ്പറേഷന്‍ കേന്ദ്രമായ എഡ്വേര്‍ഡ്‌സ് എയര്‍ഫോഴ്‌സ് ബേസില്‍ ഉച്ചഭക്ഷണ സമയത്താണ് അപകടം നടന്നത്.

‘പതിവ് പരീക്ഷണ പറക്കലിന്റെ ഭാഗമായി എട്ടുപേരുമായി പുറപ്പെട്ട വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോര്‍ട്രെസ് വിമാനം രാവിലെ 11.20-ഓടെ പറന്നുയര്‍ന്ന ഉടന്‍ തകരുകയായിരുന്നു. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാന്‍ സാധ്യതയില്ല,’ എഡ്വേര്‍ഡ്‌സ് എയര്‍ഫോഴ്‌സ് ബേസ് പ്രസ്താവനയില്‍ അറിയിച്ചു.

അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ നടത്തിവരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് എയര്‍ഫീല്‍ഡ് താല്‍ക്കാലികമായി അടച്ചതായും ഇങ്ങോട്ട് വരേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റ് ഇടങ്ങളിലേക്ക് തിരിച്ചുവിട്ടതായും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സന്ദര്‍ശകര്‍ക്കുള്ള പാസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ബേസ് വക്താവ് തയ്യാറായില്ല.

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ വലിയൊരു പ്രദേശം കരിഞ്ഞുണങ്ങിയതായി കാണാം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനാകാത്ത വിധം തകര്‍ന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ ആകാശത്തേക്ക് കറുത്ത പുകപടലങ്ങള്‍ ഉയര്‍ന്നതായി പ്രദേശത്തിന് മുകളിലൂടെ പറന്ന ഹെലികോപ്റ്ററിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി അഗ്‌നിശമന-രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സോവിയറ്റ് യൂണിയനുമായുള്ള യുദ്ധത്തിനായി രൂപകല്‍പ്പന ചെയ്ത ബി-52 എന്ന ഭീമന്‍ ബോംബര്‍ വിമാനം 1954-ലാണ് ആദ്യമായി പറന്നത്. ശീതയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ദശകങ്ങളിലും ഈ വിമാനം കാര്യക്ഷമമായി നിലനിര്‍ത്താന്‍ നിരന്തരമായ ആധുനികവല്‍ക്കരണങ്ങള്‍ നടത്തിയിട്ടുണ്ട്.

ALSO READ: നടി സഞ്ചിത ഉഗാലെയുടെ അവസാന ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍; ‘അവര്‍ സന്തോഷവതിയായിരുന്നുവെന്ന്’ സോഷ്യല്‍ മീഡിയ!

ബോംബുകളും ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടെയുള്ള വിവിധ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ കൂറ്റന്‍ ബോംബര്‍ വിമാനത്തിന് 56 മീറ്റര്‍ ചിറകളവും (wingspan) 48 മീറ്റര്‍ നീളവുമുണ്ട്. യുഎസ് വ്യോമസേനയുടെ വിവരങ്ങള്‍ അനുസരിച്ച് എയര്‍ക്രാഫ്റ്റ് കമാന്‍ഡര്‍, പൈലറ്റ്, റഡാര്‍ നാവിഗേറ്റര്‍, നാവിഗേറ്റര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ ഓഫീസര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് സാധാരണയായി ഈ വിമാനത്തില്‍ ഉണ്ടാകാറുള്ളത്.

8,800 മൈല്‍ വരെ ഒരേസമയം പറക്കാന്‍ ശേഷിയുള്ള ഈ വിമാനത്തിന് ആണവായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്. വിയറ്റ്‌നാം, ഗള്‍ഫ് യുദ്ധം, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഒടുവിലായി ഇറാന്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ അമേരിക്ക ഈ യുദ്ധവിമാനം വിന്യസിച്ചിട്ടുണ്ട്.

8 Killed After B-52 Bomber Crashes At US Base In California