19
Feb 2026
Thu
19 Feb 2026 Thu
supreme court

വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തി. ഈ പ്രവണതി എത്രകാലം തുടരുമെന്ന് കോടതി ചോദിച്ചു.തമിഴ്നാട് സര്‍ക്കാരിന്റെ സൗജന്യ വൈദ്യുതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി നല്‍കിയത് തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ കോര്‍പറേഷന്‍ ആണ്.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച്, ജസ്റ്റിസുമാരായ ജോയ്മല്യ ഭാഗ്ച്ചി , വിപുല്‍ പാഞ്ചോലി എന്നിവരടങ്ങിയതാണ് കേസ് പരിഗണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”എന്തുതരം സംസ്‌കാരമാണ് വളര്‍ത്തുന്നത്?”

സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി, സൗജന്യ സൈക്കിള്‍ എന്നിവ അനിയന്ത്രിതമായി വിതരണം ചെയ്യുന്നത് രാജ്യത്ത് തെറ്റായ സംസ്‌കാരം വളര്‍ത്തുന്നുവെന്ന ആശങ്ക കോടതി പ്രകടിപ്പിച്ചു.

വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ കഴിയാത്തവര്‍ക്കായി ലക്ഷ്യമിട്ട ക്ഷേമപദ്ധതി കൊണ്ടുവരുന്നത് മനസിലാക്കാമെങ്കിലും, സാമ്പത്തികമായി താങ്ങാനാകുന്നവര്‍ക്കും കഴിയാത്തവര്‍ക്കും വേര്‍തിരിവില്ലാതെ സൗജന്യ വിതരണം നടത്തുന്നത് ‘പ്രീണന’ രാഷ്ട്രീയമല്ലേയെന്ന് കോടതി ചോദിച്ചു.

 

”റവന്യു മിച്ചം വികസനത്തിനായി ചെലവഴിക്കേണ്ടതല്ലേ?”

ചില സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുന്ന പ്രവണത കോടതി ചൂണ്ടിക്കാട്ടി.

റവന്യു മിച്ചമുള്ള സംസ്ഥാനങ്ങളാണെങ്കില്‍, ആ തുക റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലേയെന്ന് കോടതി ചോദിച്ചു.

”സൗജന്യമായി പണം നല്‍കിയാല്‍ ആളുകള്‍ തൊഴില്‍ ചെയ്യുമോ?” എന്ന ചോദ്യവും കോടതി ഉയര്‍ത്തി.

വികസനവും ക്ഷേമവും: സമതുലിത സമീപനം ആവശ്യം

രാജ്യത്തിന്റെ ദീര്‍ഘകാല വികസനത്തെ ബാധിക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് സമയത്ത് ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന പ്രവണതയെ കുറിച്ച് കോടതി ഗൗരവമായി ആശങ്ക പ്രകടിപ്പിച്ചു.

ക്ഷേമവും സാമ്പത്തിക ശാസ്ത്രീയതയും തമ്മില്‍ സമതുലിത സമീപനം സ്വീകരിക്കണമെന്ന് കോടതി പരോക്ഷമായി സൂചിപ്പിച്ചു.